ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ ആ ഘോഷങ്ങളുടെ പ്രധാനാകർഷണമായ ‘പപ്പാഞ്ഞി’ നിർമാണം പുരോഗമിക്കുന്നു. ഡിസംബർ 31ന് അർധരാത്രി 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നത് കാണാൻ വിദേശ -സ്വദേശ വിനോദ സഞ്ചാരികളടക്കം പതിനായിരങ്ങളാണ് തടിച്ചുകൂടാറ്.
52 അടിയോളം ഉയരമുള്ള പപ്പാഞ്ഞിയാണ് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിലൊരുക്കുന്നത്. പോഞ്ഞിക്കരയിൽ ഷേബലിന്റെ നേതൃത്വത്തിൽ നിർമിച്ച ‘പപ്പാഞ്ഞി’യുടെ ഇരുമ്പ് കൂട് ജലയാനം, ട്രക്ക് എന്നിവ വഴിയാണ് കൊച്ചിയിലെത്തിച്ചത്. പപ്പാഞ്ഞി നിർമാണ പ്രവർത്തനത്തിന് ഒരു മാസത്തെ അധ്വാനമുണ്ട്.
ഇരുമ്പ് കൂട് ഒരുക്കി അതിന്മേൽ വൈക്കോൽ, ചാക്ക് കയർ എന്നിവ കൊണ്ട് പൊതിഞ്ഞ് അതിന് വസ്ത്രധാരണം നടത്തി മുഖമൊരുക്കുന്നതോടെയാണ് നിർമാണം പുർത്തിയാകുക. രണ്ടര ടൺ ഇരുമ്പ്, 500ൽ ഏറെ ചണ ചാക്ക്, നാനൂറ് വൈക്കോൽ കെട്ട്, 200 മീറ്റർ തുണി, കയർ, ഇരുമ്പ് കമ്പി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. വിവിധഘട്ടങ്ങളിലായി 30 ഓളം തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്.
പോഞ്ഞിക്കരയിൽ ഒരുക്കിയ പപ്പാഞ്ഞിയുടെ ശരീരം, കൈ, കാൽ തുടങ്ങിയ ഏട്ടോളം ഇരുമ്പ് ഫെയിമുകളാണ് മൈതാനിയിലെത്തിയത്. ക്രെയിൻ വഴി ഇവയെ യോജിപ്പിക്കും. തുടർന്നാണ് വൈക്കോലും ചാക്കുമായി ശരീര രൂപമൊരുക്കുക. 31ന് രാവിലെ രാത്രി 12ന് ‘പപ്പാഞ്ഞി’യെ അഗ്നിക്കിരയാക്കും.
നാല് ലക്ഷം രൂപ വരെയാണിതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ കൊച്ചി കടപ്പുറത്ത് മുളയിൽ തീർത്ത പപ്പാഞ്ഞിയാണ് ഒരുക്കിയിരുന്നത്. എന്നാൽ, തീരം കടലെടുത്തതോടെ വേദി പരേഡ് മൈതാനത്തേക്ക് മാറ്റുകയായിരുന്നു. നവവത്സരദിനത്തിൽ കാർണിവൽ റാലിയോടെയാണ് 15 ദിവസം നീണ്ടുനിൽക്കുന്ന കൊച്ചിൻ കാർണിവൽ ആഘോഷം സമാപിക്കുന്നത്.