കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലോകമെങ്ങും ശ്രദ്ധിക്കുന്ന കൊച്ചിയുടെ സ്വന്തം കാർണിവലിന് ഇത്തവണ മുൻ വർഷങ്ങളേക്കാൾ സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കി. മുൻ വർഷങ്ങളിലെ ചെറിയ വീഴ്ചകളിൽനിന്ന് പാഠമുൾക്കൊണ്ടും കുസാറ്റ് ദുരന്തമുൾപ്പെടെയുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലുമാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തമാണ് കൊച്ചിൻ കാർണിവലിലെ പ്രധാന ആഘോഷമായ പുതുവത്സരപ്പിറവിയിലും പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്ന ചടങ്ങിലും പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ചുള്ള നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ, ഫോർട്ട്കൊച്ചി ആർ.ഡി.ഒ കെ. മീര, മട്ടാഞ്ചേരി എ.സി.പി കെ.ആർ. മനോജ് എന്നിവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി തയാറാക്കിയ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി) അനുസരിച്ചാണ് ഇത്തവണ ആഘോഷവും സുരക്ഷാക്രമീകരണങ്ങളും നടക്കുന്നത്.
ഒറ്റക്കൂട്ടമല്ല, പല കൂട്ടങ്ങൾ
ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് 2024നെ വരവേൽക്കാൻ ആയിരക്കണക്കിനാളുകൾ ഒത്തുചേരുക, അർധരാത്രി 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നതും ഇവിടെത്തന്നെയാണ്. ഏകദേശം 40,000ത്തോളം ആളുകൾക്ക് ഇവിടെ നിൽക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ, മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഗ്രൗണ്ടിൽ എല്ലാവരെയും ഒറ്റക്കൂട്ടമായി നിർത്തുന്നതിനു പകരം നാല് ഭാഗങ്ങളായി വേർതിരിച്ചാണ് പ്രവേശിപ്പിക്കുകയും നിർത്തുകയും ചെയ്യുക. ഇതുവഴി ഒരുഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ആളുകളുടെ തിരക്കുകൂട്ടൽ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം, ഗ്രൗണ്ടിന് പുറത്തേക്കിറങ്ങാൻ ഒന്നിനുപകരം നിരവധി കവാടങ്ങളുണ്ടാകും. പരിപാടി കഴിഞ്ഞാലുടൻ ആളുകൾ ഒറ്റ കവാടത്തിലൂടെ ഇടിച്ചുകയറി തിക്കുംതിരക്കും ഉണ്ടാക്കുന്നതും അപകടത്തിൽപെടുന്നതും ഒഴിവാക്കാനാണിത്. പപ്പാഞ്ഞിയെ കത്തിച്ചതിനുപിന്നാലെ പരിപാടി അവസാനിപ്പിക്കുന്നതിനു പകരം ആളുകൾ ഒറ്റയടിക്ക് കൂട്ടത്തോടെ ഇറങ്ങിപ്പോവുന്നത് ഒഴിവാക്കാൻ ഒരുമണിക്കൂർ കൂടി സാംസ്കാരിക പരിപാടികൾ അരങ്ങേറും. വൈദ്യുതി മുടക്കം ഒഴിവാക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയതിനുപുറമെ പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും പക്കലുള്ള അസ്കാ ലൈറ്റും പ്രകാശിക്കും.
‘വെള്ളമടിച്ചാൽ’പണി കിട്ടും
ഒന്നും രണ്ടുമല്ല, 1000 പൊലീസാണ് ഇത്തവണ കൊച്ചിൻ കാർണിവലിന്റെ ഭാഗമായി ഫോർട്ട്കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഡ്യൂട്ടിയിലുണ്ടാവുക. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ പത്ത് എ.സി.പിമാർ, 25 സി.ഐമാർ തുടങ്ങിയവരുടെ നിയന്ത്രണത്തിലായിരിക്കും ആഘോഷങ്ങൾ. കൂടാതെ, സ്ത്രീകളുടെ സുരക്ഷക്കായി വിവിധയിടങ്ങളിൽ മഫ്തിയിൽ വനിത പൊലീസുകാരുടെ സേവനവും ലഭ്യമാവും.
കാർണിവൽ വേദിയുടെ പരിസര പ്രദേശത്ത് വിവിധയിടങ്ങളിൽ പൊലീസിന്റെ വാഹന പരിശോധനയുണ്ടാവും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി വരുമെന്ന് എ.സി.പി മുന്നറിയിപ്പ് നൽകി. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന കാർണിവലിൽ കുറ്റകൃത്യങ്ങളില്ലാതാക്കാനും പൊലീസ് കർശന നടപടി സ്വീകരിക്കും. കോസ്റ്റൽ പൊലീസും ബോട്ട് പട്രോളിങ് നടത്തും.
കൂടാതെ, ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനോട് ചേർന്ന് പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. നിരവധി സി.സി ടി.വികളും പ്രദേശത്ത് പ്രവർത്തിക്കും.
വണ്ടികൾക്കും കൺട്രോളുണ്ട്…
ഞായറാഴ്ച വൈകീട്ട് നാലുവരെയേ വൈപ്പിനിൽനിന്ന് ജങ്കാറിൽ വാഹനങ്ങൾ കടത്തിവിടൂ. വൈകീട്ട് ഏഴിന് പൊതുജനങ്ങൾക്കുള്ള സർവിസും അവസാനിക്കും. ഏഴിനുശേഷം ഫോർട്ട്കൊച്ചിയിലേക്ക് ജങ്കാർ, ബോട്ട് സർവിസുകളുണ്ടാവില്ല. ജങ്കാർ അടിയന്തര ആവശ്യങ്ങൾ പരിഗണിച്ച് ഇവിടെ നിർത്തിയിടും. തുടർന്ന് പരിപാടികൾക്കുശേഷം വൈപ്പിനിലേക്ക് സർവിസ് നടത്തും.
നാലുമണിക്കുശേഷം ഫോർട്ട്കൊച്ചിയിലേക്ക് വാഹനങ്ങളും കടത്തിവിടില്ല. ബി.ഒ.ടി ഈസ്റ്റ്, വെസ്റ്റ് ജങ്ഷനുകൾ, സ്വിഫ്റ്റ് ജങ്ഷൻ, ഇടക്കൊച്ചി പാലം, കണ്ണങ്ങാട്ട് പാലം കിഴക്ക്, പഷ്ണിത്തോട് പാലം, കുമ്പളങ്ങി പഴങ്ങാട് ജങ്ഷൻ, കണ്ടക്കടവ്, പപ്പങ്ങാമുക്ക്, ജൂബിലി ജങ്ഷൻ, മാന്ത്ര പാലം, പള്ളത്തുരാമൻ ജങ്ഷൻ, വെളി വെസ്റ്റ് ദ്രോണാചാര്യ റോഡ്, വെളി വെസ്റ്റ് കെ.ബി. ജേക്കബ് റോഡ് എന്നിവിടങ്ങളിൽ വാഹനം തടയും. പാർക്കിങ്ങിന് മുപ്പതോളം പോയൻറുകൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ബി.ഒ.ടി ഈസ്റ്റിലെ എം.വി.ഡി ഗ്രൗണ്ട്, കോസ്റ്റ് ഗാർഡ് ഗ്രൗണ്ട്, വെലിങ്ടൺ ഐലൻഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. രാത്രി 12നുശേഷം ആളുകൾക്ക് തിരികെ പോകാനായി സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതിനായി കൊച്ചിൻ കോളജിനടുത്ത് താൽക്കാലിക ബസ് സ്റ്റാൻഡും ഒരുക്കി.
ആംബുലൻസിനായി പ്രത്യേക പാത
റോഡുകളെല്ലാം ജനങ്ങളും വാഹനങ്ങളും കൈയടക്കുമ്പോൾ അപകടങ്ങളും മറ്റും സംഭവിച്ചാൽ ആംബുലൻസിന് സുഗമയാത്രക്കായി പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. പരേഡ് ഗ്രൗണ്ട്-വാസ്കോ സ്ക്വയർ-ചാരിയറ്റ് ജങ്ഷൻ- ടവർ റോഡ് ജങ്ഷൻ-സെന്റ് പോൾസ് സ്കൂൾ-ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി-ആസ്പിൻ വാൾ-കൽവത്തി ബസാർ റോഡ്-ജൂ ടൗൺ-തോപ്പുംപടി എന്ന റൂട്ടും പരേഡ് ഗ്രൗണ്ട്-ക്വിറോ സ്ട്രീറ്റ്-റാംപാർട്ട് സ്ട്രീറ്റ്-ബസിലിക്ക ജങ്ഷൻ-കുന്നുമ്പുറം വെസ്റ്റ്-ഫോർട്ട്കൊച്ചി ആശുപത്രി-കുന്നുമ്പുറം ഈസ്റ്റ്-പുല്ലുപാടം, പുതിയറോഡ്-ബസാർ റോഡ്-ജൂ ടൗൺ-തോപ്പുംപടി എന്ന റൂട്ടുമാണ് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുക. ഉച്ചക്ക് രണ്ടുമുതൽ മെഡിക്കൽ സംഘങ്ങളുടെ സേവനം ഉറപ്പു വരുത്തും. പരേഡ് ഗ്രൗണ്ടിന്റെ നാലുവശങ്ങളിലും വെളി ഗ്രൗണ്ട്, വാസ്കോ സ്ക്വയർ, കമാലക്കടവ് എന്നിവിടങ്ങളിൽ ആംബുലൻസ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. നഗരത്തിലെ വിവിധ ആശുപത്രികളിൽ അടിയന്തര സേവനം ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്.
സെൽഫി മാത്രം പോരാ, സെൽഫ് കൺട്രോളും വേണം
പതിനായിരങ്ങളെത്തുന്ന ആഘോഷ വേദിയിൽ അപകടങ്ങളും അനിഷ്ട സംഭവങ്ങളുമൊഴിവാക്കാൻ എല്ലാവരും സ്വയംനിയന്ത്രണം പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പൊലീസും
മറ്റും നിർദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി
പാലിക്കണം. അനാവശ്യമായി തിരക്ക് കൂട്ടുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ, പോക്കറ്റടി, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങൾ തുടങ്ങിയവക്കെതിരെയും ജാഗ്രത പുലർത്തണം.
ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലീസും എക്സൈസും
കൊച്ചി: കേരളത്തിൽതന്നെ ഏറ്റവും വിപുലമായി പുതുവത്സരാഘോഷം സംഘടിപ്പിക്കപ്പെടുന്ന കൊച്ചിയിൽ കരുതലോടെയാണ് അധികൃതരുടെ തയാറെടുപ്പുകൾ. ലഹരി മാഫിയക്ക് പൂട്ടിടുന്നതടക്കം ശക്തമായ നീക്കവുമായി പൊലീസും എക്സൈസും രംഗത്തുണ്ട്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും എക്സൈസിന്റെ സ്ട്രൈക്കിങ് ഫോഴ്സ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ച വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കും. ജനുവരി മൂന്നുവരെ നീളുന്ന സ്പെഷൽ ഡ്രൈവാണ് എക്സൈസ് നടത്തുന്നത്.
ഡി.ജെ പാർട്ടികൾ നടക്കുന്ന ഇടങ്ങളിൽ അനധികൃത മദ്യ-മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയാൻ പൊലീസ്, എക്സൈസ്, കസ്റ്റംസ്, മറ്റ് എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവരുടെ സംയുക്ത പരിശോധന നടന്നുവരുന്നു. രഹസ്യമായി റേവ് പാർട്ടികൾ നടത്താൻ ആസൂത്രണം ചെയ്യുന്നവരെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്.
പരാതികളിൽ മിന്നൽ പരിശോധന നടത്താൻ സ്ട്രൈക്കിങ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിലും വ്യാജമദ്യ ഉൽപാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും പരിശോധനകൾ നടക്കുന്നുണ്ട്. മദ്യ-മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കാൻ ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജൻസ് അടക്കം സംഘങ്ങളുമുണ്ട്.
ഓരോ ആഘോഷ സ്ഥലങ്ങളിലും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിലുണ്ടാകും. സ്ഥിരം കുറ്റവാളികളെ മുൻകൂർ കസ്റ്റഡിയിൽ വെക്കുന്ന നടപടിയുമുണ്ടാകും.
കൊച്ചി മെട്രോ സർവിസ് ജനുവരി ഒന്നിന് പുലർച്ച ഒന്നുവരെ
നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഒരുങ്ങി കൊച്ചി മെട്രോയും. കൊച്ചി മെട്രോ സർവിസ് ജനുവരി ഒന്നിന് പുലർച്ച ഒന്നുവരെ തുടരും. ഡിസംബർ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സർവിസ്. പുലർച്ച ഒരുമണിക്കാകും ആലുവ, എസ്.എൻ ജങ്ഷൻ സ്റ്റേഷനുകളിൽനിന്നുള്ള അവസാന സർവിസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സരാഘോഷങ്ങൾക്ക് എത്താനും തിരികെ പോകാനും ജനങ്ങൾക്ക് കൊച്ചി മെട്രോ സർവിസ് സഹായകരമാകും.