
എറണാകുളം കളമശേരിയിൽ ഉണ്ടായ തീപിടുത്തം ശമിപ്പിക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന (ചിത്രം: ബൈജു കൊടുവള്ളി)
കളമശ്ശേരി: സീപോർട്ട്-എയർപോർട്ട് റോഡരികിൽ കിടക്കഗോഡൗണിൽ വൻ തീപിടിത്തം. രണ്ട് ലോറികളടക്കം കത്തിനശിച്ചു. ആളപായമില്ല. തീയും പുകയും ഉയർന്ന് മുകളിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ 220 കെ.വി വൈദ്യുതി ലൈൻ മൂന്നെണ്ണം പൊട്ടിവീണു. ശനിയാഴ്ച രാവിലെ പത്തോടെ സീപോർട്ട് റോഡിന് സമീപം ഹിദായത്ത് നഗറിൽ കാരുവള്ളി കെ.കെ. ജമാലിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫോം കിടക്ക ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഗോഡൗണിൽ ഉണ്ടായിരുന്ന കിടക്കകൾ പൂർണമായും കത്തിനശിച്ചു. രണ്ട് ലോറികളും കത്തി. മറ്റൊന്ന് പുറത്തേക്ക് മാറ്റി. തീയിൽനിന്ന് ഉയർന്ന പുക സമീപത്തെ വീടുകളിലേക്കും ഗോഡൗണിനോട് ചേർന്നുള്ള ലോഡ്ജിലേക്കും പടർന്നു. ഈ സമയം അവിടെ താമസിച്ചിരുന്ന ഗോഡൗൺ ജീവനക്കാരും ലോഡ്ജിലെ താമസക്കാരും ഓടി രക്ഷപ്പെട്ടു. ഒരാൾ ഒരുനിലയുടെ മുകളിൽനിന്ന് റോഡിലേക്ക് ചാടുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
സമീപത്ത് പ്രവർത്തിച്ച കുടിവെള്ള പാക്കിങ് യൂനിറ്റിലേക്കും തീ പടർന്നു. പാക്കിങ് യന്ത്രവും ലാബും സീലിങ്ങും നശിച്ചു. ഇവിടെ മാത്രം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ എട്ട് യൂനിറ്റുകൾ ഒരുമണിക്കൂർ എടുത്താണ് തീ പൂർണമായും അണച്ചത്.
തൃക്കാക്കര, ഏലൂർ, ആലുവ, പട്ടിമറ്റം, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള 50 അംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമീപത്ത് വെൽഡിങ് നടക്കുന്നതിനിടെ തീപ്പൊരി തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആണ് കാരണമെന്ന് സംശയിക്കുന്നുണ്ട്.�