
കോട്ടുവള്ളിയിൽ വേലിയേറ്റത്തിൽ ചെമ്മീൻ കെട്ടും പുഴയും തിരിച്ചറിയാത്ത നിലയിൽ
പറവൂർ: വൃശ്ചിക – ശിവരാത്രി വെള്ളപ്പൊക്കത്തെ തുടർന്ന് തീരദേശ പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരും ദുരിതത്തിലായി. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉയർന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിൽ വൈപ്പിൻ, പറവൂർ, വരാപ്പുഴ, ചെല്ലാനം, തീരദേശ മേഖലയിലെ ജനങ്ങളും, ഈ മേഖലയോട് ചേർന്ന ചെമ്മീൻ കെട്ടുകളും ദുരിതത്തിലാണ്. വീടുകളിലും പാതകളിലും ഓരുവെള്ളം കയറിയതിനാൽ വൻ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
ചെമ്മീൻ കെട്ട് കർഷകരും തൊഴിലാളികളും ദുരിതത്തിലായി. ചെമ്മീൻ കെട്ടുകളുടെ പുറം ചിറകൾ മുങ്ങി തൂമ്പിന് മുകളിലൂടെ വെള്ളം കയറിയിറങ്ങുന്നത് പല കെട്ടുകളുടെയും പുറം ചിറകൾ പൊട്ടിപ്പോകുന്നതിനും, ചിറകൾക്ക് കേടുപാടുണ്ടാകാനും കാരണമായിരിക്കുകയാണ്. പുറം ചിറകൾ കവിഞ്ഞ് തൂമ്പിന് മുകളിലൂടെ വെള്ളം കയറിയിറങ്ങുന്നത് മൂലം കെട്ടുകളിൽ വളർത്തിയിരുന്ന ചെമ്മീനും, ഞണ്ടുകളും, വെള്ളപ്പൊക്കത്തിൽ പുഴയിലേക്ക് ഒഴുകിപ്പോയി വൻ നഷ്ടമാണുണ്ടായിരിക്കുന്നത്.
ആഗോള താപനത്തിന്റെ ഫലമായി കാലാവസ്ഥ വ്യതിയാനത്തിൽ വന്ന മാറ്റമാണ് വേലിയേറ്റത്തിന് കാരണമായി പറയുന്നത്. തീരദേശ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതിരുന്നതാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇക്കാര്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.