
ജലജീവന്‍ പദ്ധതിയുടെ പൈപ്പുകള്‍ എത്താത്തതുകൊണ്ട് നിര്‍മാണം നിലച്ച അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡ്
പെരുമ്പാവൂര്‍: ജലജീവന്‍ പദ്ധതിയില്‍ പൈപ്പുകള്‍ ലഭ്യമാകാത്തത് റോഡ് വികസനത്തിന് തടസ്സമാകുന്നു. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 23ാം വാര്‍ഡിലൂടെ കടന്നുപോകുന്ന അറക്കപ്പടി-പോഞ്ഞാശ്ശേരി റോഡിന്റെ വികസനം പൈപ്പുകള്‍ ലഭിക്കാത്തതുകൊണ്ട് തടസ്സപ്പെടുന്നതിന് പരിഹാരം തേടി വാര്‍ഡ് അംഗം ബേസില്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് പരാതി നല്കി.
കഴിഞ്ഞ 15 വര്‍ഷമായി അടിത്തറ ഇല്ലാതെ തകര്‍ന്നുപോയ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിരവധി തവണ സര്‍ക്കാറിന് നിവേദനം നല്കി കാത്തിരുന്ന ശേഷമാണ് 1.75 കോടി രൂപ അനുദിച്ചതെന്ന് വാര്‍ഡ് അംഗം പറഞ്ഞു.
മൈദ കമ്പനി ജങ്ഷനില്‍ 25 ലക്ഷം രൂപക്ക് കലുങ്ക് നിര്‍മാണവും അനുബന്ധ ജോലികളും നടക്കുമ്പോഴാണ് വെങ്ങോലയില്‍ പൂമല ഭാഗത്ത് പണിയുന്ന വാട്ടര്‍ ടാങ്കിലേക്കുള്ള കുടിവെളള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നത് ഇത് വഴിയാണെന്ന് അറിയുന്നത്. പൈപ്പ് ലഭിക്കാത്ത് കാരണം പണി തടസ്സപ്പെട്ടു. 200 മീറ്റര്‍ പൈപ്പ് തരപ്പെടുത്തി ജോലി താത്കാലികമായി പുനരാരംഭിക്കുകയായിരുന്നു.
ബാക്കി സ്ഥലങ്ങളില്‍ പൈപ്പ് സ്ഥാപിക്കാത്ത പക്ഷം റോഡ് പണി തടസ്സപ്പെടുന്ന സ്ഥിതിയാണ്. വാട്ടര്‍ അതോറിറ്റിയുടെയും പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെയും ഏകോപനമില്ലായ്മ പദ്ധതി അവതാളത്തിലാകാന്‍ കാരണമാകുന്നതായും ഉദ്യോഗസ്ഥര്‍ അലംഭാവം വെടിഞ്ഞ് പൈപ്പ് ലഭ്യമാക്കാന്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും മെംബര്‍ അറിയിച്ചു.