കോതമംഗലം: 3.25 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ. സഖ്ലൈൻ മുസ്താഖ് (25), നഹറുൽ മണ്ഡൽ (24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിപണിയിൽ രണ്ട് ലക്ഷം രൂപയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെടുത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർഥികൾക്കിടയിലും കച്ചവടം നടത്തി വന്നിരുന്ന സംഘമാണ് പിടിയിലായത്. പ്രിവന്റീവ് ഓഫിസർ സാബു കുര്യാക്കോസ്, പി.ബി. ലിബു, എം.ടി. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ സോബിൻ ജോസ്, പി.വി. വികാന്ത്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ. ഫൗസിയ, കെ.എ. റെൻസി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
പെരുമ്പാവൂര്‍: ബസില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാനത്തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സബീര്‍ അഹമ്മദിനെയാണ് (24) പെരുമ്പാവൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വല്ലം ഭാഗത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ മാസം രണ്ടര കിലോ കഞ്ചാവ് കണ്ടന്തറയിലെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. അതിന്റെ അന്വേഷണമാണ് ഇയാളിലേക്കെത്തിയത്.
ഈ മേഖലയിലെ കഞ്ചാവിന്റെ മുഖ്യ വിതരണക്കാരനാണ് ഇയാള്‍. ഒഡിഷയില്‍ നിന്നാണ് കഞ്ചാവ് വാങ്ങുന്നത്. കിലോക്ക് 2000 രൂപക്ക് വാങ്ങി 25000 മുതല്‍ 30000 രൂപക്ക് വരെയാണ് വില്പന. അന്വേഷണത്തില്‍ ഇയാള്‍ എല്ലാ മാസവും ബംഗാളിലേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. തിരികെ വരും വഴി ഒഡിഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി ഇവിടെയെത്തിക്കും. പിടികൂടിയ ദിവസം ഇയാള്‍ അഞ്ച് കിലോ കഞ്ചാവ് തൃശൂരില്‍ ഒരാള്‍ക്ക് വിറ്റിരുന്നു.
തീവണ്ടി മാര്‍ഗമാണ് കഞ്ചാവ് എത്തിക്കുന്നത്. ആലുവയില്‍ പൊലീസ് നിരീക്ഷണമുള്ളതിനാല്‍ തൃശൂര്‍ ഭാഗത്ത് ഇറങ്ങി ബസുകള്‍ മാറിക്കയറിയാണ് പെരുമ്പാവൂര്‍ മേഖലയില്‍ എത്തിക്കുന്നത്. ഇവിടെ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി വില്പന നടത്തുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു.
ഡാന്‍സാഫ് ടീമിനെക്കൂടാതെ ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, എസ്.ഐമാരായ റിന്‍സ് എം. തോമസ്, പി.എം. റാസിഖ്, എസ്. ഗൗതം, പി.എസ്. അരുണ്‍, സി.പി.ഒമാരായ രജിത്ത് വിജയന്, വി.എം. നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
+ There are no comments
Add yours