മരട്: അനധികൃത കയ്യേറ്റങ്ങൾ പൊളിച്ച് നീക്കാതെ കുണ്ടന്നൂർ-ചിലവന്നൂർ പൊതുമരാമത്ത് റോഡ് നിർമാണം. റോഡ് നിർമാണ ഭാഗമായുള്ള കാനയുടെ പ്രവൃത്തി ആരംഭിച്ചു. റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ കാന വളച്ചാണ് നിർമാണം തകൃതിയായി നടക്കുന്നത്. റോഡ് തുടങ്ങുന്ന കുണ്ടന്നൂർ ജങ്ഷൻ മുതൽ വടക്കേ അറ്റം വരെ നിരവധി കയ്യേറ്റങ്ങളുണ്ട്.
സ്വകാര്യ വ്യക്തികളുടേത് കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസ്, വായനശാല, കൊടിമരങ്ങളും പാതയോരം കയ്യേറിയാണ് നിർമിച്ചിട്ടുള്ളത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കുണ്ടന്നൂർക്കാരൻ പൗരസമിതി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയതായി സുജിത്ത് ഇലഞ്ഞിമറ്റം പറഞ്ഞു. റോഡ് മെറ്റൽ ഇട്ട് ഉയർത്തുകയും ചെയ്തു. 1.8 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പുനർ നിർമിക്കുന്നത്. പരമാവധി ആറ് മീറ്റർ വരെ വീതി ഉണ്ടാകുമെന്നാണ് വിവരം.
1.50 കോടി രൂപയാണ് എസ്റ്റിമേറ്റ്. റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പി.ഡബ്ല്യൂ.ഡി അസി.എൻജിനീയർ എസ്. ശ്രീരാജ് കഴിഞ്ഞ 27ന് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് കയ്യേറ്റക്കാർക്ക് നോട്ടീസ് നൽകിയതായും തുടർനടപടി സ്വീകരിക്കുമെന്നും മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു. അതേ സമയം റോഡ് നിർമാണം ആരംഭിച്ചിട്ടും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭയും പി.ഡബ്ല്യു.ഡിയും തയ്യാറായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. റോഡ് ടാർ ചെയ്തിട്ട് ഒമ്പത് വർഷമായി. 2015ലാണ് അവസാനമായി ടാർ ചെയ്തത്. ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു ടാറിങ് വൈകാൻ കാരണം പറഞ്ഞിരുന്നത്.
+ There are no comments
Add yours