
കാക്കനാട്: ഐ.ടി നഗരത്തിൽ ഭീതി പടർത്തി തെരുവ് നായ് ആക്രമണം. കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റിനെത്തിയ യുവതിക്കുൾപ്പടെ സ്ത്രീകളും കുട്ടികളുമായി എട്ട് പേർക്ക് കടിയേറ്റു.
കടിയേറ്റവർ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലും കാക്കനാട് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ കാർഡിനൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അവനി നിവാസിൽ അഭിഷേക് അഭിലാഷിനാണ് (17) ആദ്യം തെരുവുനായ് ആക്രമിച്ചത്. പിന്നീട് ഡ്രൈവിങ് ടെസ്റ്റിനെത്തിയ ഇടപ്പള്ളി സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയുടെ ഭർത്താവ് പാലാരിവട്ടം സ്വദേശി ഷാലു എന്നിവർക്ക് കടിയേറ്റു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവിങ് ഇൻസ്ട്രക്ടർ ആൽഫിക്കും കടിയേറ്റു.
കാക്കനാട് സ്വദേശികളായ റഹിം, ഫാറൂഖ്, സിജു വർഗീസ്, ക്ഷേത്ര ദർശനം കഴിഞ്ഞുപോകുകയായിരുന്ന വീട്ടമ്മ ഉൾപ്പടെ എട്ടോളം പേർക്കാണ് പരിക്കേറ്റത്. തുടർന്ന് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ തെരുവു നായെ പേവിഷ ബാധയുണ്ടോ എന്ന പരിശോധനക്കായി തൃശൂർ മണ്ണോത്തി വെറ്റിനറി കോളജിൽ എത്തിച്ചു. തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റവവരുടെ പേരുവിവരങ്ങൾ തൃക്കാക്കര നഗരസഭയിൽ റിപ്പോർട്ട് ചെയ്യണമെന്ന് നഗരസഭ സെക്രട്ടറി ടി.കെ. സന്തോഷ് അറിയിച്ചു.