
മട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചിയിലേക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി കൗൺസിലറും നാട്ടുകാരും രംഗത്ത്. ആറാം ഡിവിഷൻ കൗൺസിലർ എം.എച്ച്.എം അഷറഫാണ് പരാതിയുമായി രംഗത്തെത്തിയത്.
ഏതാനും മാസങ്ങളായി കൊച്ചിയിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ തോത് ഗണ്യമായി വെട്ടിക്കുറച്ചതായാണ് പരാതി. 40 എം.എൽ.ഡി വെള്ളം ലഭിക്കേണ്ടിടത്ത് 25 എം.എൽ.ഡി പോലും ലഭിക്കുന്നില്ലെന്ന് അഷറഫ് വ്യക്തമാക്കി.
ഇത് കൊച്ചിക്ക് ആവശ്യമുള്ളതിന്റെ അറുപത് ശതമാനം പോലും ആകുന്നില്ല. കൊച്ചിക്കായി പല പദ്ധതികൾ നടപ്പാക്കിയെന്ന് പറയുമ്പോഴും വെള്ളം മാത്രം ലഭിക്കുന്നില്ല. കൊച്ചിയിലേക്ക് ലഭിക്കേണ്ട വെള്ളം മറ്റിടങ്ങളിലേക്ക് കൊണ്ട് പോകുകയാണ്. ഈ നില തുടർന്നാൽ വാട്ടർ അതോറിറ്റി ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുവാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.ജെ മാക്സി എം.എൽ.എക്കും ജല അതോറിറ്റി അധികൃതർക്കും പരാതി നൽകിയതായും അഷ്റഫ് വ്യക്തമാക്കി.
അതേസമയം ഫോർട്ട്കൊച്ചി, കുന്നുംപുറം, കൽവത്തി ഭാഗങ്ങളിൽ ലഭിക്കുന്ന കുടിവെള്ളം മാലിന്യം കലർന്നതും ഉപ്പ് രസമുള്ളതാണെന്നുള്ള പരാതി കുടി വീട്ടമ്മമാർ ഉയർത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ കുറച്ച് ദിവസങ്ങളായി ടാപ്പിൽ വരുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമാണ്.കുടിക്കാനും പാചകം ചെയ്യാനുമൊക്കെ പണം കൊടുത്ത് പുറത്ത് നിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.
മഞ്ഞ പിത്തം, വയറിളക്കം, ഛർദി, പനി തുടങ്ങിയ രോഗങ്ങൾ മേഖലയിൽ കണ്ടുവരുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കാന നവീകരണം ഉൾപെടെ പ്രവൃത്തികൾ നടക്കുമ്പോൾ പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. ഇതിലൂടെ കുടിവെള്ള പൈപ്പുകളിൽ മാലിന്യം കലരുന്നതാകാം കാരണമെന്നാണ് കരുതുന്നത്. അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.