മൂവാറ്റുപുഴ: വർഷങ്ങളായി മുടങ്ങി ക്കിടക്കുന്ന മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ജീവൻവെക്കുന്നു. ഡിപ്പോയുടെ പൂർത്തീകരണത്തിനായി എം.എൽ.എ അനുവദിച്ച 4.25 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതോടെയാണ് ആറുവർഷമായി മുടങ്ങിയ പദ്ധതി യാഥാർഥ്യമാകുന്നത്.
മാത്യു കുഴൽനാടൻ എം.എൽ.എ യുടെ ഇടപെടലുകളെ തുടർന്ന് കെ.എസ്.ആർ.ടി.സി എം.ഡി അടക്കം മൂവാറ്റുപുഴ ബസ് സ്റ്റേഷനിൽ എത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും നവീകരണത്തിനായി കെ.എസ്.ആർ.ടി.സി 2.25 കോടി അനുവദിക്കുകയും ചെയ്തെങ്കിലും ജോലികൾ എടുക്കാൻ ആരും തയാറായിരുന്നില്ല. ടെൻഡർ നടപടികളിൽ ആരും പങ്കെടുക്കാതെ വന്ന സാഹചര്യത്തിൽ എം.എൽ.എ മുൻകൈയെടുത്ത് 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.25 കോടി അനുവദിക്കുകയായിരുന്നു. ഈ പദ്ധതിക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണെന്ന് എം.എൽ.എ പറഞ്ഞു.
ഡിപ്പോയുടെ തന്നെ മുഖം മാറ്റുന്ന രീതിയിൽ ക്ലോക്ക് ടവർ അടക്കം ഉൾപ്പെടുത്തി യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി അത്യാധുനിക നിലവാരത്തിലാണ് ബസ് സ്റ്റേഷൻ നവീകരണ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നിലവിൽ പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിന് സമാന്തരമായി രണ്ട് നിലയുള്ള പുതിയ കെട്ടിടം നിർമിക്കും. സ്റ്റേഷൻ മാസ്റ്റർ റൂം, ഇൻഫർമേഷൻ ഏരിയ, വനിത, പുരുഷ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ എന്നിവ സജ്ജികരിക്കും. നിലവിൽ പണി പൂർത്തീകരിക്കാതെ കിടക്കുന്ന കെട്ടിടവും ഇതോടൊപ്പം നവീകരിച്ച് ടൈൽ, പെയിന്റിങ് ഉൾപ്പെടെ ജോലികൾ പൂർത്തീകരിക്കും.
യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ആധുനിക നിലവാരത്തിൽ സജ്ജീകരിക്കും. പുതിയ രീതിയിലുള്ള ഓഫിസ് മുറികൾ, യാത്രക്കാർക്ക് വേണ്ടിയുള്ള ശുചിമുറികൾ, വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.�
+ There are no comments
Add yours