മലങ്കര യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ആഗോള സുറിയാനി ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയും തമ്മിൽ അപൂർവ പ്രത്യേകതയുണ്ട്. ജോസഫ് മാർ ഗ്രിഗോറിയോസും ഇഗ്നാത്തിയോസ് അപ്രേം രണ്ടാമനും അയർലൻഡിൽ സഹപാഠികളായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അയർലൻഡിലായിരുന്നു കാതോലിക്ക ബാവയുടെ എം.ഫിൽ അടക്കമുള്ള ഉന്നതപഠനം. ജോസഫ് മാർ ഗ്രിഗോറിയോസ് റമ്പാനായിരുന്ന കാലം മുതൽ ഇരുവരും സുഹൃത്ത് ബന്ധം പുലർത്തിയിരുന്നു. സഹപാഠി കഴിഞ്ഞ ദിവസം പാത്രിയാർക്കീസ് ബാവ എന്ന നിലയിൽ ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്ക ബാവയായി നിയോഗിച്ച് കൊണ്ട് പ്രഖ്യാപനം നടത്തിയതും ശ്രദ്ധേയമായി.
മുൻഗാമി ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടൊപ്പം മെത്രാപ്പോലീത്തൻ ട്രസ്റ്റി, സുന്നഹദോസ് സെക്രട്ടറി, കാതോലിക്കസ് അസിസ്റ്റന്‍റ് അടക്കമുള്ള പദവികളിൽ ജോസഫ് മാർ ഗ്രിഗോറിയോസ് സേവനം ചെയ്തിരുന്നു. ജോസഫ് മാർ ഗ്രിഗോറിയോസ് ധീരമായി സഭയെ നയിക്കുമെന്നാണ് പാത്രിയാർക്കീസ് ബാവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കാതോലിക്ക ബാവയും പാത്രിയർക്കീസ് ബാവയും
രണ്ട് പതിറ്റാണ്ടിലേറെ യാക്കോബായ സഭയുടെ ഉയർച്ചയുടെയും താഴ്ചയുടെയും ഘട്ടങ്ങളിലെല്ലാം തന്നെ സമഗ്രമായി നയിച്ച ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നിഴലായിരുന്നു ജോസഫ് മാർ ഗ്രിഗോറിയോസ്. സഭ സംഘർഷ മേഖലകളിൽ വിശ്വാസികളോടൊപ്പം സമരമുഖത്ത് ബാവ അണിനിരക്കുമ്പോൾ പിന്നണിയിൽ സമാധാന നീക്കങ്ങൾക്കും ചർച്ചകൾക്കുമെല്ലാം ചുക്കാൻ പിടിച്ചിരുന്നത് അന്ന് സുന്നഹദോസ് സെക്രട്ടറിയായിരുന്ന മാർ ഗ്രിഗോറിയോസായിരുന്നു. ആ വിശ്വസ്തതമൂലമാണ് തന്‍റെ വിൽപത്രത്തിലും പിൻഗാമിസ്ഥാനത്തേക്ക് മാർ ഗ്രിഗോറിയോസിന്‍റെ പേര് എഴുതിവെക്കാൻ ബാവ തയാറായതെന്നാണ് അടുപ്പക്കാർ പറയുന്നത്.
സഭ മേലധ്യക്ഷ സ്ഥാനത്തേക്കെത്തുമ്പോൾ മാർ ഗ്രിഗോറിയോസിനെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. സഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് അതിനെ നയിക്കാനുള്ള നിയോഗം ഇദ്ദേഹത്തിന്‍റെ ചുമലിലെത്തുന്നത്. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയും അതുണ്ടാക്കിയ പ്രതിസന്ധിയും മറികടക്കാൻ സഭക്കിതുവരെ കഴിഞ്ഞിട്ടില്ല. വിധിയുടെ ചുവടുപിടിച്ച് നിരവധി പള്ളികളാണ് ഇതിനകം നഷ്ടമായത്. മാർ ഗ്രിഗോറിയോസിന്‍റെ ഇടവകയായ മുളന്തുരുത്തി പള്ളിയും ഇക്കൂട്ടത്തിൽപെടും. പല പള്ളികളും ഏതുസമയവും നഷ്ടമാകുമെന്ന അവസ്ഥയിലുമാണ്.

ഒന്നുമില്ലായ്മയിൽ നിന്നായിരുന്നു തോമസ് പ്രഥമൻ ബാവ സഭയെ കെട്ടിപ്പടുത്തത്. എന്നാൽ, സുപ്രീംകോടതി വിധി വന്നതോടെ സഭയുടെ നിലനിൽപുതന്നെ പ്രതിസന്ധിയിലാകുകയായിരുന്നു. നിലവിലെ വിധിയെ മറികടക്കാൻ കഴിയുന്ന രീതിയിലുള്ള നിയമനടപടികളോ സർക്കാർ ഇടപെടലുകളോ ആണ് പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴി. ഇതിന് സർക്കാറിനെയടക്കം സമ്മർദത്തിലാക്കുകയെന്ന ശ്രമകരമായ ദൗത്യവും ഇദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവരും. അതേസമയം, സഭകൾക്കതീതമായ സൗഹൃദവും വ്യക്തി ബന്ധങ്ങളുമുള്ള വ്യക്തിയാണ് മാർ ഗ്രിഗോറിയോസ്. ഇത് പ്രശ്നങ്ങളെ നേരിടാൻ തുണയാകുമെന്നാണ് കരുതുന്നത്.
പെരുമ്പിള്ളി സെൻറ് ജെയിംസ് തിയോളജിക്കൽ സെമിനാരിയിലായിരുന്നു വൈദിക പഠനം. 1974ൽ ശെമ്മാശ പട്ടവും 1984ൽ കശ്ശീശ പട്ടവും നേടി. തുടർന്ന് ബംഗളൂരുവിലും അമേരിക്കയിലും ഇംഗ്ലണ്ടിലും വിവിധ പള്ളികളിൽ വൈദികനായി. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. തോമസ് മാർ ഒസ്താത്തിയോസ് സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോൾ ഭദ്രാസനപള്ളി പ്രതിപുരുഷയോഗം ചേർന്ന് ഇദ്ദേഹത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

1994 ജനുവരി 16ന് 33-ാം വയസ്സിൽ മാർ ഗ്രിഗോറിയോസ് എന്ന പേരിൽ പാത്രിയാർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. കഴിഞ്ഞ 30 വർഷമായി ആസ്ഥാനത്ത് തുടരുന്ന ഇദ്ദേഹം ഇതോടൊപ്പം 18 വർഷം സുന്നഹദോസ് സെക്രട്ടറിയായും പ്രവർത്തിച്ചു. ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2019 ആഗസ്റ്റ് 28നാണ് പുത്തൻകുരിശിൽ ചേർന്ന മലങ്കര അസോസിയേഷൻ ജോസഫ് മാർ ഗ്രിഗോറിയോസിനെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തു. പിന്നീട് മലങ്കര മെത്രാപ്പോലീത്തയുമായി. ഇതോടൊപ്പം കാതോലിക്ക ബാവയുടെ അനാരോഗ്യത്തെ തുടർന്ന് കാതോലിക്കോസ് അസിസ്റ്റൻറ്, സുന്നഹദോസ് അധ്യക്ഷസ്ഥാനങ്ങളും ഇദ്ദേഹമാണ് വഹിച്ചത്.
സഭക്ക് കീഴിലുള്ള വിവിധ കോളജുകളുടെ മാനേജറായ മാർ ഗ്രിഗോറിയോസ് പത്താമുട്ടത്തുള്ള സെൻറ് ഗിറ്റ്സ് എൻജിനീയറിങ് കോളജ് പ്രസിഡന്റ്, മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ സ്ഥാപകൻ, ജോർജിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ, ഏരൂർ ജെയ്നി സെൻറർ സ്പെഷൽ സ്കൂൾ പ്രസിഡന്റ് സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.