മട്ടാഞ്ചേരി: വിദേശ വനിതകളെ ശല്യംചെയ്യുന്നുവെന്ന ഫോൺ സന്ദേശത്തെതുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ അമീർ സുഹൈൽ (24), അറാഫത്ത് (22), സനോവർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 12ഓടെ കൽവത്തി ചുങ്കം പാലത്തിനു സമീപം വിദേശ വനിതകളെ ശല്യം ചെയ്യുന്നുവെന്ന ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെ പാലത്തിന് സമീപം പ്രതികൾ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.
പ്രതികളിൽ ഒരാളെ പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റിയെങ്കിലും മറ്റുള്ളവർ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് 12 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് പ്രതികൾ പിടിയിലാകുന്നത്. പിടിയിലായവർ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.