കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ആദിവാസി നഗറിൽ കാട്ടാന ശല്യം രൂക്ഷം. നിരവധി പേരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. വനമേഖലയോട് ചേർന്ന് കിടക്കുന്ന പിണവൂർക്കുടി ആദിവാസി കോളനിയിൽ നാലു ദിവസമായി തുടർച്ചയായിയെത്തുന്ന കാട്ടാനക്കൂട്ടം നിരവധി കൃഷിയാണ് നശിപ്പിച്ചത്. രാത്രിയെത്തുന്ന ആനകൾ പുലർച്ചയോടെയാണ് വനത്തിലേക്ക് മടങ്ങുന്നത്.
ആളുകൾ ഉറക്കമൊഴിച്ച് കൃഷിയിടങ്ങൾക്ക് കാവലിരുന്നിട്ടും കൂട്ടത്തോടെയെത്തുന്ന ആനകൾ കാർഷിക വിളകൾ ചവിട്ടിമെതിച്ചും തിന്നും നശിപ്പിക്കുകയാണ്. തെങ്ങ്, വാഴ, കമുക്, കപ്പ, പച്ചക്കറികൾ തുടങ്ങിയവയാണ് നശിപ്പിച്ചിരിക്കുന്നത്. കൃഷിയെ ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവർക്ക് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കർഷകനായ കെ.കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.