പറവൂർ: നഗരസഭ പട്ടികജാതിക്കാർക്ക് വ്യവസായ എസ്റ്റേറ്റിനുവേണ്ടി ഭൂമി വാങ്ങിയതിൽ സി.പി.എമ്മും ബി.ജെ.പിയും ക്രമക്കേടും അഴിമതിയും ആരോപിക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ലെന്ന് നഗരകാര്യ റീജനൽ ജോയന്റ് ഡയറക്ടർ നടത്തിയ അന്വേഷണ റിപ്പോർട്ട്. ബി.ജെ.പി പറവൂർ മണ്ഡലം പ്രസിഡന്റായിരുന്ന എസ്. ജയകൃഷ്ണന്റെ പരാതിയിൽ ദേശീയ പട്ടികജാതി കമീഷൻ സീനിയർ ഇൻവെസ്റ്റിഗേറ്ററുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വ്യവസായ എസ്റ്റേറ്റിനായി വാങ്ങിയ 31 സെന്റ് ഭൂമി എസ്റ്റേറ്റിന് ഉപയുക്തമല്ലെന്നും ഒരു ഭാഗം ചതുപ്പ് നിലമാണെന്നും വസ്തുവിൽ സമീപത്തെ സ്വകാര്യ വ്യക്തികളുടെ വസ്തു ഉൾപ്പെട്ടിട്ടുണ്ടെന്നും ഭൂമിയിലേക്ക് വഴി ഇല്ലെന്നും അധികവില നൽകിയാണ് ഭൂമി വാങ്ങിയതെന്നുമുള്ള ആരോപണങ്ങൾ ബി.ജെ.പി നേതാവിന്റെ പരാതിയിൽ ഉണ്ടായിരുന്നു.
റീജനൽ ജോയന്റ് ഡയറക്ടർ നഗരസഭയിൽ എത്തി ബന്ധപ്പെട്ട ഫയലുകളും അനുബന്ധ രേഖകളും പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഭൂമി വ്യവസായ പാർക്കിന് അനുയോജ്യമാണെന്ന മുനിസിപ്പൽ എൻജിനീയറുടെയും ഹെൽത്ത് സൂപ്പർവൈസറുടെയും സാക്ഷ്യപ്പെടുത്തൽ കണക്കിലെടുത്താണ് ഭൂമി വാങ്ങിയത്. കൗൺസിൽ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്.
ചതുപ്പുനിലമാണെന്നും അധികവില നൽകിയെന്നും വസ്തുവിലേക്ക് വഴി ഇല്ലെന്നുമുള്ള ലോക്കൽ ഫണ്ട് അധികൃതരുടെ പരാമർശത്തിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റവന്യൂ അധികാരികൾ നിശ്ചയിച്ചിരിക്കുന്ന 30 ശതമാനത്തിന് പകരം 25 ശതമാനം കൂടുതലിലാണ് ഭൂമി വാങ്ങിയത്.വസ്തു വാങ്ങുന്നതിനുമുമ്പ് താലൂക്ക് സർവേയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല എന്നത് മാത്രമാണ് അന്വേഷണത്തിൽ കണ്ടെത്തിയ അപാകത. സ്വകാര്യ സർവേയറെക്കൊണ്ട് നഗരസഭ അളന്ന് തിട്ടപ്പെടുത്തിയിരുന്നു.
വസ്തു വില്ലേജ് സ്കെച്ചിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തണമെന്നും ഭൂമിയിൽ കുറവുകാണുന്ന പക്ഷം ഉത്തരവാദികളിൽനിന്ന് തുക ഈടാക്കാൻ ചട്ടപ്പടി നടപടി സ്വീകരിക്കണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, സി.പി.എമ്മും ബി.ജെ.പിയും നഗരസഭ ഭരിക്കുന്ന കോൺഗ്രസിനും അന്നത്തെ ഭരണക്കാർക്കും എതിരെ ഇപ്പോഴും ക്രമക്കേടും അഴിമതിയും ആരോപിച്ച് രംഗത്തുണ്ട്. 2014-15 കാലഘട്ടത്തിലാണ് ഭൂമി വാങ്ങിയത്.
തിങ്കളാഴ്ച കൂടിയ നഗരസഭ കൗൺസിൽ യോഗത്തിൽ അന്നത്തെ ചെയർമാനും സെകട്ടറിക്കും എതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം കൗൺസിലർമാർ ചെയർപേഴ്സൻ അടക്കമുള്ള ഭരണപക്ഷ കൗൺസിലർമാരെ രാത്രി ഒമ്പതര വരെ തടഞ്ഞുവെച്ചിരുന്നു. സർക്കാറോ അധികാര കേന്ദ്രങ്ങളോ നിർദേശിക്കാതെ നടപടിയെടുക്കാൻ പറ്റില്ലെന്ന നിലപാടിലാണ് ഭരണപക്ഷം.