കാലടി: 300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), വണ്ണപ്പുറം അമ്പലപ്പടി കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് പൊലീസും റൂറൽ ജില്ല ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജിനെ (29) കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മഞ്ഞപ്ര ചന്ദ്രപ്പുര ഭാഗത്തുനിന്നുമാണ് എം.ഡി.എം.എ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കാറിലാണ് രാസലഹരി കടത്തിയത്. നൈജീരിയൻ വംശജനിൽനിന്നാണ് രാസലഹരി വാങ്ങിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. മൂന്നുപേരും കൂടി കാറിലാണ് ബംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് നൈജീരിയൻ വംശജനിൽനിന്ന, മയക്കുമരുന്ന് വാങ്ങി കാറിൽത്തന്നെ തിരികെപ്പോന്നു. പൊലീസ് പിടികൂടാതിരിക്കാൻ ജാക്കറ്റിനകത്ത് പ്രത്യേക അറയിലാണ് 20 ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. ചന്ദ്രപ്പുരയിൽ പൊലീസ് കൈകാണിച്ചപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ചുപോയി. രണ്ടുപേർ ഇടക്കുവെച്ച് ഡോർ തുറന്ന് ചാടി. ഇവരെയാണ് മണിക്കൂറുകൾക്കകം പിന്തുടർന്ന് പിടികൂടിയത്.
നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി. ഷംസ്, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ. അഭിലാഷ്, കാലടി എസ്.ഐമാരായ ജോസി എം. ജോൺസൻ, ടി.വി. സുധീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.