പെരുമ്പാവൂര്‍: കൊമ്പനാട് വില്ലേജ് ഓഫിസില്‍ ഓഫിസറില്ലാതായിട്ട് മാസങ്ങളാകുന്നു. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് മേയ് 31ന് വിരമിച്ചശേഷം പകരം ആളെ നിയമിച്ചിട്ടില്ല.
മൂന്നുമാസത്തിലധികമായി ഓഫിസര്‍ ഇല്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. കോടനാട്, അശമന്നൂര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപകരിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. പൊങ്ങന്‍ചുവട് ഗിരിവര്‍ഗ കോളനിയിലുള്ളവരുടെ ആശ്രയമാണ് വില്ലേജ് ഓഫിസ്. കോളനിയിലുള്ളവര്‍ മണിക്കൂറുകള്‍ താണ്ടി വില്ലേജ് ഓഫിസിലെത്തുമ്പോള്‍ ഓഫിസര്‍ ഇല്ലെന്ന കാരണത്തില്‍ തിരിച്ചുപോകുകയാണ്.
വിദ്യാര്‍ഥികളുടെ പഠനാവശ്യം, ലോണ്‍, ധനസഹായം, ചികിത്സാ സഹായം തുടങ്ങിയവക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കും വസ്തു സംബന്ധമായ രേഖകള്‍ക്കും ദിനംപ്രതി ഇവിടെ ആളുകളെത്തുന്നുണ്ട്. സമീപ സ്ഥലങ്ങളിലെ ഒഴിവുള്ള വില്ലേജ് ഓഫിസുകളില്‍ ഓഫിസര്‍മാരെ നിയമിച്ചെങ്കിലും കൊമ്പനാട് വില്ലേജില്‍ വി.ഒയെ നിയമിക്കാത്തത് അധികാരികളുടെ അനാസ്ഥയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമായ ഇവിടെ ഓഫിസറെ നിയമിക്കണമെന്നാണ് ആവശ്യം.