മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ നടന്ന ബയോസർവേയിൽ 83 സസ്യ ഇനങ്ങളും 23 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി. ഇതിന്റെ റിപ്പോർട്ട് സർവേസംഘം പഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് ഫോറസ്റ്റ് ക്ലബ്, ഫോറസ്റ്റ് ക്ലബ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവേ സംഘടിപ്പിച്ചത്.
കഴിഞ്ഞ ഒന്നിന് രാവിലെ ഏഴുമുതൽ 11 വരെ നീണ്ട പ്രാഥമിക സർവേയിൽ 40 സസ്യ കുടുംബങ്ങളിലെ 83 സസ്യ ഇനങ്ങളെ കണ്ടെത്താനായി. 83 സസ്യങ്ങളിൽ 27 വൃക്ഷങ്ങൾ, 26 ചെറുസസ്യങ്ങൾ, 14 കുറ്റിച്ചെടികൾ, 15 വള്ളിച്ചെടികൾ, ഒപ്പം ഒരു പായൽ ഇനവും ഉൾപ്പെടുന്നു. സർവേ സംഘത്തിന് 23 ചിത്രശലഭ ഇനങ്ങളെയും കണ്ടെത്താനായി. നിംഫാലിഡേ വിഭാഗത്തിൽ 12 സ്പീഷീസ്, പിയറിഡേ നാല് ഇനങ്ങൾ, പാപ്പിലിയോനിഡേ മൂന്ന് ഇനങ്ങൾ, ഹെസ്പെരിഡേ രണ്ട് ഇനങ്ങൾ, ലൈകനിഡേ എന്നിങ്ങനെയാണ് കണ്ടെത്തിയത്. ബയോ സർവേ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസിന് സംഘം കൈമാറി.