പറവൂർ: അമൃത് പദ്ധതി നടപ്പാക്കിയശേഷം നഗരപരിധിയിൽ ഉപയോഗിക്കാത്ത പൊതുടാപ്പുകൾ ഒഴിവാക്കാൻ നടപടിക്ക് ശിപാർശ. അമൃത് പദ്ധതി പ്രകാരം 825 ഗുണഭോക്താക്കൾക്ക് സൗജന്യമായി ഗാർഹിക കുടിവെള്ള കണക്ഷൻ നൽകിയതായി നഗരസഭാ അധ്യക്ഷ ബീനാ ശശിധരൻ പറഞ്ഞു. ടൗണിലെ 430 പൊതുടാപ്പിൽ 125 എണ്ണം ഈ ഭരണസമിതി വന്നശേഷം നീക്കം ചെയ്തു.
ബാക്കി 305 എണ്ണത്തിൽ അമൃത് പദ്ധതി പ്രകാരം സൗജന്യ ഗാർഹിക കണക്ഷൻ നൽകിയശേഷം ഉപയോഗിക്കാതെ കിടക്കുന്ന പൊതുടാപ്പുകൾ ഒഴിവാകുന്നതിന് നടപടി സ്വീകരിക്കും. കൂടാതെ, കുടിവെള്ള കണക്ഷൻ നീട്ടുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തി 3200 മീറ്ററോളം പൈപ്പ് ലൈൻ ദീർഘിപ്പിച്ചു.
വലിയകുളം മുതൽ പെരുവാരം ഹോമിയോ ആശുപത്രി വരെയും താമരക്കുളം റോഡ്, വെടിമറ കവലയിൽനിന്ന് പൂതയിൽ റോഡ് വരെയുമുള്ള ഭാഗത്തെ പഴകിയ ലൈൻ മാറ്റി പുതിയ ലൈൻ സ്ഥാപിച്ചു. സംയുക്ത പരിശോധന നടത്തി കണ്ടെത്തിയ ബാക്കിയുള്ള പൊതുടാപ്പുകളിൽ 55 എണ്ണം നിലനിർത്തി.
ബാക്കി പൊതുടാപ്പുകൾ നീക്കം ചെയ്യാൻ ജല അതോറിറ്റിയിൽനിന്ന് സംയുക്ത പരിശോധന നടത്തിയശേഷം ലഭ്യമായ പട്ടിക കൗൺസിൽ അംഗീകരിക്കേണ്ടതുണ്ട്. അതിനുശേഷം നീക്കം ചെയ്യും. നീക്കം ചെയ്യുന്നതിന് പൈപ്പ് ഒന്നിന് 1050 രൂപ വീതം തുക കണക്കാക്കി ജല അതോറിറ്റിയിൽനിന്ന് എസ്റ്റിമേറ്റ് അംഗീകരിച്ച് നഗരസഭ പണം അടക്കുന്ന മുറക്ക് ജല അതോറിറ്റി ടെൻഡർ നടപടി പൂർത്തീകരിച്ച് കട്ട് ചെയ്യാൻ നടപടി സ്വീകരിക്കും. നിലവിൽ ഒരു പൊതുടാപ്പിന് 22,500 രൂപ വീതമാണ് അടക്കേണ്ടത്.
ഒന്നര വർഷം മുമ്പ് 6500 എന്ന നിരക്കാണ് സർക്കാർ 22,500 ആയി വർധിപ്പിച്ചത്. ഇത് നഗരസഭകൾക്ക് അധിക ഭാരമായി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി പരിശോധന നടത്തി കണ്ടെത്തിയ പൊതുടാപ്പുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് പറഞ്ഞു.