പെരുമ്പാവൂര്‍: റൂറല്‍ ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ പെരുമ്പാവൂരില്‍ ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് പ്രതിസന്ധിയായി മാറുന്നു. പരാതികളുമായി സ്റ്റേഷനില്‍ എത്തുന്നവരും നിലവിലുള്ള പൊലീസുകാരും ഇതുമൂലം നട്ടംതിരിയുകയാണ്. അമിത ജോലിഭാരമുള്ളതിനാല്‍ ഇവിടെ ഡ്യൂട്ടി ചെയ്യാന്‍ പൊലീസുകാര്‍ തയാറാകുന്നില്ലെന്നാണ് വിവരം.
സ്ഥലംമാറ്റം കിട്ടിയെത്തുന്നവര് ഏതുവിധേനയും ഡ്യൂട്ടി മാറ്റത്തിന് ശ്രമിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ചുമതലയേറ്റ എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം മറ്റൊരു സ്റ്റേഷനിലേക്ക് പോയി. പുതിയ എസ്.എച്ച്.ഒ നിയമനത്തിന് ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. സ്റ്റേഷന് പരിധിയില്‍ ഒരുദിവസം എത്തുന്നത് നിരവധി പരാതികളാണ്.
അന്തര്‍സംസ്ഥാനക്കാര്‍ തിങ്ങിപ്പാര്ക്കുന്നതുകൊണ്ട് അവരുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍തന്നെ നിവിലുള്ള പൊലീസിന്റെ എണ്ണം തികയില്ല. 65 പൊലീസുകാരാണ് ആകെ വേണ്ടത്. നിലവില്‍ 49 പേരാണുള്ളത്. എസ്.എച്ച്.ഒക്ക് പുറമെ നാല് എസ്.ഐ, ഒരു വനിത എസ്.ഐ, നാല് എ.എസ്.ഐ, 15 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, 25 സിവില്‍ പൊലീസ് ഓഫിസര്‍, രണ്ട് സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫിസര്‍, 12 വനിത സിവില്‍ പൊലീസ് ഓഫിസര്‍ എന്നിങ്ങനെയാണ് ഇവിടെ ആവശ്യമുള്ളത്. ഇതില്‍ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ കണക്കില്‍ കുറവില്ല. അടുത്തിടെ വനിത എസ്.ഐയെ ഹേമ കമ്മിറ്റിയുടെ ഭാഗമായ അന്വേഷണത്തിലേക്ക് മാറ്റിയതോടെ ആ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എട്ടു പേരാണുള്ളത്. വനിത സീനിയര്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒരാളും വനിത കോണ്‍സ്റ്റബിള്‍ മൂന്നു പേരുമാണുള്ളത്. ഏഴ് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, അഞ്ച് സിവില്‍ പൊലീസ് ഓഫിസര്‍, മൂന്ന് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ 49ല്‍ ഉള്‍പ്പെടും. നിലവിലുള്ളവര്‍ 16 പേരുടെ കുറവ് നികത്തുമ്പോള്‍ അമിത ജോലി ഭാരമായി മാറുന്നുവെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷന് ഡ്യൂട്ടിയിലുള്ളവരാണ് കോടതി, വി.ഐ.പി സുരക്ഷ, ഡ്രൈവര്‍, സംസ്ഥാനത്തിനു പുറത്തുള്ള അന്വേഷണം എന്നിവക്ക് നിയോഗിക്കപ്പെടുന്നത്.
ചില അവസരങ്ങളില്‍ പാറാവ് നില്ക്കുന്ന പൊലീസുകാരനെപ്പോലും പുറംഡ്യൂട്ടിക്ക് വിടാറുണ്ട്. സംസ്ഥാന ഭരണത്തില്‍ സ്വാധീനമുള്ള സംഘടന പ്രതിനിധികള്‍ സ്റ്റേഷനില്‍ ഇല്ലാത്തത് തിരിച്ചടിയാണെന്ന് പൊലീസുകാര്‍ പറയുന്നു.
രാവിലെ മുതല്‍ അന്തര്‍സംസ്ഥാനക്കാരുടെ കൂട്ടമാണ് സ്റ്റേഷനില്‍. അടിപിടി കേസുകള്‍ മുതല്‍ മോഷണം, പീഡനം ഉൾപ്പെടെയുള്ള പരാതികളായിരിക്കും ഏറെയും.
രാത്രിയും പകലുമില്ലാതെ ക്രിമിനലുകള്‍ വിളയാടുന്ന നഗരത്തില്‍ ക്രമസമാധാനപാലനത്തിന്റെ കുറവ് വ്യക്തമാണ്. മയക്കുമരുന്ന് വില്പന മറ്റു സ്റ്റേഷന് പരിധികളെ അപേക്ഷിച്ച് ഇവിടെ കൂടുതലാണ്. ഇത് പരിഹരിക്കപ്പെടണമെങ്കില്‍ പൊലീസ് പരിശോധന വ്യാപകമാക്കണം. ‘ഓപറേഷന് പെരുമ്പാവൂര്‍’ എന്ന പേരില്‍ എ.എസ്.പി ആവിഷ്കരിച്ച മയക്കുമരുന്നിനെതിരെയുള്ള പദ്ധതി ഇപ്പോള്‍ നിലച്ച മട്ടാണ്. പരിശോധനക്ക് പൊലീസില്ലാത്തതുകൊണ്ടാണ് നിശ്ചലമായതെന്ന മുറുമുറുപ്പും ഉയരുന്നുണ്ട്.