കാലടി: മേക്കാലടിയില്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന വിവാദ പശക്കമ്പനിക്ക് കെ സ്വിഫ്റ്റിലൂടെ അനുവദിച്ച ലൈസന്‍സ് റദ്ദാക്കി.
സെവന് സ്റ്റാര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ലഭിച്ച ലൈസന്‍സാണ് ആഗസ്റ്റ് ആറിന് ജില്ല കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തില്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
വിവാദ പശക്കമ്പനി തണ്ണീര്‍ത്തടത്തിലാണ് നിര്‍മാണം ആരംഭിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശക്കമ്പനിയുടെ നിര്‍മാണം ആരംഭിച്ചത് മുതല്‍ ജനങ്ങള്‍ കമ്പനിക്കെതിരെ രംഗത്തുവന്നിരുന്നു.
നൂറുകണക്കിന് പേര് തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് കമ്പനി പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമം ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാണെന്ന് വ്യക്തമാക്കിയാണ് പ്രദേശ വാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരം ചെയ്തുവരുന്നത്.
പ്രദേശവാസികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് കാലടി ഗ്രാമപഞ്ചായത്ത് നല്കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചും നിര്‍മാണം നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തില്‍ കമ്പനി നിര്‍മാണം ആരംഭിച്ച പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ത്തിരുന്നു.
ഗ്രാമസഭയില്‍ പങ്കെടുത്ത 186 പേരില്‍ ഏഴ് പേര് ഒഴികെയുള്ളവര്‍ കമ്പനിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജലസ്രോതസ്സുകള്‍ മലിനമാക്കുകയും പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കമ്പനി പ്രവര്‍ത്തനത്തിന് അനുമതി നല്‍കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിളളി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.