ആലുവ: പെരിയാറിൽ അനധികൃത മണൽ ഖനനം വീണ്ടും സജീവം. കൊല്ലം – ആലുവ മേഖലകളിലുള്ള മാഫിയ സംഘമാണ് മണൽ വാരി കൊല്ലത്തേക്ക് കടത്തുന്നത്. തോട്ടുമുഖം പരുന്ത് റാഞ്ചി മണപ്പുറം, ആലുവ മണപ്പുറം, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, ചൂർണിക്കര, ചെങ്ങമനാട്, കുന്നുകര, കരുമാലൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അനധികൃത മണൽ വാരൽ നടക്കുന്നത്. കൊല്ലം മേഖലയിൽ വീട് പണിക്ക് ഭൂരിഭാഗം ആളുകളും പുഴ മണലാണ് ഉപയോഗിക്കുന്നത്. സമീപ കാലത്ത് പല തവണ ഇത്തരം സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. വെള്ളിയാഴ്ചയും മൂന്നംഗ സംഘവും ലോറിയും പിടിയിലായി.
അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിരവധി വഞ്ചികളിൽ രാത്രിയിൽ മണൽ വാരുന്നുണ്ട്. ഇക്കാര്യം പലപ്പോഴും പൊലീസിൽ അറിയിക്കാറുമുണ്ട്. എന്നാൽ, കാര്യമായ നടപടികളുണ്ടാകാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തീരങ്ങളിൽ അടിഞ്ഞുകൂടിയ മണലും കടത്തുന്നുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥർ മണൽ കടത്ത് തടയാൻ സജീവമായി പ്രവർത്തിക്കുമ്പോൾ മറ്റ് ചില പ്രധാന ഉദ്യോഗസ്ഥർ മാഫിയകളെ സഹായിക്കുകയാണെന്നും ആക്ഷേപമുണ്ട്. പ്രളയത്തിൽ പുഴയുടെ കടവുകളിലും മറ്റ് തീരങ്ങളിലും ധാരാളം മണൽ വന്ന് കൂടിയിരുന്നു. പുഴയുടെ നടുഭാഗത്ത് പോലും മണൽ തിട്ടകൾ രൂപപ്പെട്ടിരുന്നു.
എന്നാൽ, അവയെല്ലാം മണൽ വാരൽ സംഘങ്ങൾ കൊള്ളയടിച്ചു. വളരെ വിദഗ്ധമായാണ് കൊല്ലം ഭാഗത്തേക്ക് മണൽ കടത്തുന്നത്. മിനി ലോറികളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. കടവുകളിലും മറ്റുസ്ഥലങ്ങളിലും വാരിക്കൂട്ടുന്ന മണൽ ലോറികളുടെ ബോഡി ലെവലിലാണ് നിറക്കുന്നത്. പിന്നീട് ടാർപ്പായ ഉപയോഗിച്ച് മൂടും.
അതിന് ശേഷം വാഹനം കഴുകി വശങ്ങളിൽ പറ്റിയിരിക്കുന്ന മണലെല്ലാം നീക്കം ചെയ്യും. പിന്നീട് ഈ മിനി ലോറികൾ കണ്ടാൽ മറ്റു തരത്തിലുള്ള ചരക്കുകളുമായി പോകുന്നതാണെന്നേ തോന്നൂ.