മൂവാറ്റുപുഴ: ഓടമാലിന്യം അടക്കം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന മൂവാറ്റുപുഴ പട്ടണമധ്യത്തിലെ മാലിന്യ തടാകത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമക്ക് നഗരസഭ നോട്ടീസ് നൽകും. മുനിസിപ്പൽ സ്റ്റേഡിയത്തിനും ആധുനിക മത്സ്യമാർക്കറ്റിനും സമീപം ടൗൺ യു.പി സ്കൂളിനോട് ചേർന്നുകിടക്കുന്ന ഏക്കർകണക്കിന് ചതുപ്പുനിലത്താണ് മാലിന്യത്തടാകം രൂപപ്പെട്ടിരിക്കുന്നത്.
വെള്ളൂർകുന്നം മേഖലയിലെ ഓടകളിൽനിന്നുള്ള മാലിന്യം മുഴുവൻ ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. അസഹ്യ ദുർഗന്ധവും ഈച്ചയും കൊതുകും പെരുകിയതോടെ മാലിന്യ തടാകത്തിനെതിരെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്നടക്കം എത്തുന്ന ശൗചാലയമാലിന്യം ഉൾപ്പെടെ ഇവിടേക്ക് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്ന് ആദ്യപടിയായി പ്രദേശത്തെ സ്ഥാപനം ഉടമകൾക്കും നഗരസഭ നോട്ടീസ് നൽകും.