കോതമംഗലം: സംസ്ഥാന, ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിച്ച് വീട്ടമ്മ ശ്രദ്ധേയയാവുന്നു. ഭാരം കുറക്കാനുള്ള വ്യായാമത്തിനായി കൗതുകത്തോടെ കൂട്ടുകാരികളോടൊത്ത് ആരംഭിച്ച പഞ്ചഗുസ്തി പരിശീലനമാണ് വീട്ടമ്മയെ നേട്ടങ്ങളിലെത്തിച്ചത്. ശനിയാഴ്ച കോഴിക്കോട് നടന്ന 47ാമത് സംസ്ഥാന ഗ്രാന്റ് മാസ്റ്റർ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലെ 80 കിലോക്ക് മുകളിലുള്ള വനിതകളുടെ ഇടത്, വലത് കൈ വിഭാഗങ്ങളിൽ രണ്ട് വെങ്കല മെഡലുകളാണ് വാരപ്പെട്ടി ഇളങ്ങവം സ്വദേശി ആറ്റാച്ചേരിയിൽ ഷെല്ലി ജോയി നേടിയത്. 2024 ആദ്യത്തിൽ ഗോവയിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഇതേ വിഭാഗത്തിൽ നടാടെ പങ്കെടുത്ത ഷെല്ലി സ്വർണം നേടിയിരുന്നു.
ഗോവയിലെ സ്വർണ നേട്ടത്തോടെ ഈ മത്സരയിനത്തിൽ ശ്രദ്ധിക്കാനും കൂടുതൽ പരിശീലനം നേടാനും ശ്രമിക്കുകയായിരുന്നു. മൂവാറ്റുപുഴ ഷേപ്പ് വെൽ ജിമ്മിലെ റീജ സുരേഷിന്റെ നിർദേശങ്ങളും പ്രോത്സാഹനവുമാണ് ഷെല്ലിക്ക് പ്രചോദനമായത്. അന്തർ ദേശീയ പുരസ്കാര ജേതാക്കളായ പെരുമ്പാവൂർ ബിജുസ് ജിമ്മിലെ ബിജു, മൂവാറ്റുപുഴ ഫെസി മോട്ടി എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. പ്രവാസിയായ ജോയി വർഗീസ് ആണ് ഭർത്താവ്. ഷിൽജ ജോയി, ഷിന്റോ ജോയി എന്നിവർ മക്കളാണ്.
+ There are no comments
Add yours