കൊച്ചി: വിൽപനക്കായി സൂക്ഷിച്ച 13.50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. മഴുവന്നൂർ നെല്ലാട് ചെറുകുന്നത്ത് വീട്ടിൽ സുനീഷ് ഗോപിയെയാണ് (33) പിടികൂടിയത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടപ്പള്ളി ഗവ. എച്ച്. എസ്.എസ് റോഡിൽ എം.ഡി.എം.എ വിൽപനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി പൊലീസ് സംഘവും നർക്കോട്ടിക്സെൽ എ.സി.പി കെ.എ. സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. എളമക്കര പൊലീസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ, എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ ലാലു ജോസഫ്, കൃഷ്ണകുമാർ, എസ്.സി.പി.ഒ രാജേഷ്, ബ്രൂണോ, സി.പി.ഒ സുജീഷ്എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.