കളമശ്ശേരി: നഗരസഭ പ്രദേശത്തെ പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപനം കുറയുന്നില്ല. കഴിഞ്ഞ മാസം നഗരസഭ പരിധിയിൽ 150ഓളം പേർക്കാണ് പനി ബാധിച്ചത്. ഈ മാസം അഞ്ചു വരെ മാത്രം 31 പേർക്ക് പനി പിടിപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ഇതിൽ കൂടുതലുണ്ടാകാനാണ് സാഹചര്യം.
കഴിഞ്ഞ മാസം 150ഓളം പേർക്ക് പനി പിടിപ്പെട്ടതിൽ മൂന്ന് മരണവും സംഭവിച്ചു. കൂടതെ എച്ച്1 എൻ1 പനിയും റിപ്പോർട്ട് ചെയ്തിരുന്നു. പലയിടങ്ങളിലും പകർച്ചവ്യാധി തടയാൻ ആവശ്യമായ നടപടികൾ നടക്കുന്നില്ലെന്ന് നഗരസഭ പ്രതിപക്ഷം ആരോപിക്കുന്നു. നഗരസഭ കഴിഞ്ഞ മാസം 1.18 ലക്ഷം രൂപ ചിലവിട്ട് കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കുള്ള സാധന സാമഗ്രികൾ വാങ്ങിയിരുന്നു.
എന്നാൽ ഇവ പ്രവർത്തിപ്പിക്കാനാവശ്യമായ ജീവനക്കാർ നഗരസഭയിലില്ലെന്നാണ് പറയുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കായി നിരവധി തൊഴിലാളികൾ ഉണ്ടെങ്കിലും സ്പ്രേയിങ്, ഫോഗിങ് പോലുള്ള അടിയന്തിര ജോലികൾക്ക് രണ്ട് പേരേയുള്ളൂ. ഈ സാഹചര്യത്തിൽ 50 തൊഴിലാളികളെ താത്കാലികമായി ദിവസ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിന് പ്രിൻസിപ്പൽ ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
ഓരോ വാർഡിലും 600 മുതൽ 800 വരെ വീടുകൾ ഉണ്ടെങ്കിലും ശരാശരി 50 വീടുകളിലാണ് ഫോഗിങ്ങ് നടക്കുന്നതെന്നാണ് കൗൺസിലർമാരിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാരോപിച്ച് കഴിഞ്ഞ മാസം നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം ഉയർത്തിയിരുന്നു.