ഫോർട്ട്കൊച്ചി: തിരയടിയേറ്റ് ഫോർട്ടുകൊച്ചി സൗത്ത് കടപ്പുറത്തെ ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിഞ്ഞു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ചിരുന്ന നടപ്പാത കഴിഞ്ഞ കടൽക്ഷോഭത്തിൽ തകർന്നിരുന്നു. കഴിഞ്ഞ ദിവസം നടപ്പാത ഇടിഞ്ഞതോടെ ഇതിന്റെ താഴെയാണ് കോട്ടയുടെ ചെങ്കല്ലിൽ തീർത്ത സുരക്ഷാ മതിലിന്റെ ശേഷിപ്പുകൾ ദൃശ്യമായത്. രാജ്യത്തെ തന്നെ ആദ്യ യൂറോപ്യൻ കോട്ടയാണിത്.
1503ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ അധിനിവേശ ശക്തികളായി കൊച്ചിയിലെത്തിയ പോർച്ചുഗീസുകാർ തങ്ങളുടെ രാജാവിന്റെ നാമധേയത്തിൽ പണിതതാണ് കോട്ട. കോട്ടയുടെ മതിലിനു മുകളിലാണ് കടപ്പുറം നവീകരണത്തിന്റെ ഭാഗമായി ഫുട്പാത്ത് കട്ട വിരിച്ചു പാകിയതെന്നാണ് മുൻ മേയറും കൊച്ചിയുടെ ചരിത്രകാരനുമായ കെ.ജെ. സോഹൻ പറയുന്നത്. ഏതാണ്ട് ഒരു മീറ്റർ വീതിയിൽ ചെങ്കല്ലിലാണ് സുരക്ഷാ ഭിത്തി പണി തീർത്തിരുന്നത്.
1663ൽ ഡച്ചുകാർ പോർച്ചുഗീസുകാരെ തുരത്തി കൊച്ചി പിടിച്ചടക്കിയപ്പോൾ കോട്ട തകർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കടൽ കയറി ഇറങ്ങിയപ്പോൾ കോട്ടയുടെ അടിത്തറ ഭാഗം തീരത്ത് കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ ചരിത്രത്തിന്റെ പ്രധാന ഏടുകളിലൊന്നായ ഈ പൈതൃക തെളിവ് സംരക്ഷിക്കാൻ ഒരു നടപടിയും ഉണ്ടായില്ല.
ഈ കോട്ടയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയെ ഫോർട്ട് (കോട്ട) കൊച്ചി എന്ന് വിളക്കുന്നത്. കൊച്ചി കാണാനെത്തുന്ന സഞ്ചാരികളിൽ പലരും കോട്ട എവിടെയെന്ന് നാട്ടുകാരോട് ചോദിക്കാറുണ്ട്. ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഇടക്കിടെ തെളിഞ്ഞു വരുന്നത്. പൈതൃകം തേടി കോടികൾ മുടക്കി ഖനനം വരെ ചെയ്യുമ്പോഴാണ് ഇവിടെ തെളിഞ്ഞു വരുന്ന ചരിത്രം പോലും സംരക്ഷിക്കപെടാതിരിക്കുന്നത്.