പള്ളിക്കര: കിഴക്കമ്പലം-ചിത്രപ്പുഴ റോഡിൽ പെരിങ്ങാല ജങ്ഷനിലും പരിസരങ്ങളിലും റോഡിൽ വ്യാപക വെള്ളക്കെട്ട്. റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് കാരണം. ദൂരെനിന്ന് വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ വെള്ളക്കെട്ട് പെടാത്തതിനാൽ കാൽനടക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. കാനകൾ വൃത്തിയാക്കാത്തതുമൂലം വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.
പള്ളിക്കര അച്ചപ്പൻകവല മുതൽ പാടത്തിക്കര വരെ പലയിടത്തും റോഡിന്റെ അശാസ്ത്രീയ നിർമാണംമൂലം വെള്ളക്കെട്ട് വ്യാപകമാണ്. പല ഭാഗത്തും കാനകൾ നിർമിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. ഈ ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇല്ല. മഴക്ക് മുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ ഇവിടത്തെ വെള്ളക്കെട്ടിന്റെ കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും നടപടി ഉണ്ടായില്ല. അറ്റകുറ്റപ്പണി നടന്ന ഭാഗത്ത് നിലവിലുണ്ടായ റോഡിനേക്കാൾ ഉയർന്നു നിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്.
ചിത്രപ്പുഴ മുതൽ പോഞ്ഞാശ്ശേരി വരെ റീടാറിങ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആവശ്യത്തിന് വീതിയില്ലാത്തതിനാൽ പള്ളിക്കര ജങ്ഷനിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.