കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിൽ കൃഷിയിടം കാട്ടാനകൾ നശിപ്പിച്ചു. പള്ളിപ്പറമ്പിൽ ഷാജൻ തോമസിന്റെ മതിലും ഫെൻസിങും തകർത്ത് കൃഷിയിടത്തിലെ റബറും പൈനാപ്പിളുമാണ് നശിപ്പിച്ചത്. വനമേഖലയിൽനിന്ന് കൂട്ടമായി എത്തുന്ന ആനകൾ തമ്പടിച്ചിരിക്കുന്നത് മുനിയപാറ പ്രദേശത്താണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.
എന്നാൽ, കർഷകർക്ക് നഷ്ടപരിഹാരം നൽകാനോ കാട്ടാന ശല്യം തടയാൻ നടപടി സ്വീകരിക്കാനോ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ കഴിഞ്ഞരാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയിൽ കറുകപ്പിള്ളിൽ ജോസ് എന്ന കർഷകന്റെ വീടിനോട് ചേർന്ന സ്ഥലത്ത് കൃഷി ചെയ്തിരുന്ന വിളവെടുക്കാറായ കപ്പകൃഷിയാണ് നശിപ്പിച്ചത്. വാഴയും ഇഞ്ചിയും കയ്യാലയുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. രാത്രി ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോസും കുടുംബവും കണ്ടത് തങ്ങളുടെ ഉപജീവനമാർഗം നശിപ്പിക്കുന്ന കാട്ടാനയെയാണ്.
ടോർച്ചടിച്ചും ഒച്ചവച്ചും ആനയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ ആന തിരിച്ചോടിച്ചെന്നും തങ്ങൾ വീട്ടിൽ അഭയം തേടിയെന്നും ജോസ് പറയുന്നു. തുടർന്ന് വനംവകുപ്പ് ഓഫിസിലേക്ക് വിവരം അറിയിച്ചശേഷം നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് ആനയെ തുരത്തിയത്.
മുണ്ടക്കൽ ജോസ് തോമസിന്റെയും മറിയേലി തങ്കപ്പന്റെയും ധാരാളം ഫലവൃക്ഷങ്ങളും കൃഷിയും ആനകൾ നശിപ്പിക്കുകയുണ്ടായി. പള്ളൂപ്പട്ട സിജോ എന്ന കർഷകന്റെ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്തെ പൈനാപ്പിൾ കൃഷിയിടത്തിലും ആനകൾ കയറി 50000 ഓളം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ട്.