കൊച്ചി: ചേരാനല്ലൂരിലെ കെ.എസ്.എഫ്.ഇയിൽ പലതവണയായി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ. മഞ്ഞുമ്മൽ സ്വദേശിയായ മനക്കപറമ്പിൽ വീട്ടിൽ രേഖ (45), തൃപ്പൂണിത്തുറ തെക്കുംഭാഗം ഗണേഷ് ഭവനിൽ ജയ് ഗണേഷ് (42) എന്നിവരാണ് ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്.
നേരത്തേ സ്വർണപ്പണിക്കാരനും നിലവിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സ്വർണത്തിന്റെ നിലവാരം പരിശോധിക്കുന്നയാളുമാണ് ജയ് ഗണേഷ്. പലതവണയായി 600 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
ചെന്നൈയിൽ അസ്സൽ സ്വർണം എന്ന് തോന്നിപ്പിക്കുന്ന ചെമ്പ് വളകൾ ലഭിക്കുമെന്നറിഞ്ഞ് ഇവിടത്തെ വിവിധ ജ്വല്ലറികളിൽനിന്ന് സ്വർണം പൂശിയ ചെമ്പുവളകൾ വാങ്ങുകയായിരുന്നു. ചേരാനല്ലൂരിൽ കെ.എസ്.എഫ്.ഇയിൽ ഇവ പണയംവെച്ചു. പല തവണയായി വളകൾ മാത്രം പണയംവെക്കുന്നതിൽ സംശയം തോന്നിയ കെ.എസ്.എഫ്.ഇ മാനേജർ ചേരാനല്ലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, എസ്.എച്ച്.ഒ സൈജു കെ. പോളിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. ഒന്നാം പ്രതി രേഖ വിവിധ സ്റ്റേഷനുകളിൽ തട്ടിപ്പുകേസിലെ പ്രതിയാണ്.