കോതമംഗലം: മഴ തകർത്തുപെയ്തതോടെ കോതമംഗലം താലൂക്കിലും കനത്ത നാശം. 118 വീടുകളിൽ വെള്ളം കയറി. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറിനടിയിലൂടെ ആനയുടെ ജഡം ഒഴുകിപ്പോയി. കോതമംഗലം നഗരത്തിലും തൃക്കാരിയൂരിലും കുടമുണ്ടയിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാഥമിക വിലയിരുത്തലിൽ 15 ലക്ഷം രൂപയുടെ കൃഷിനാശമുണ്ട്.
നഗരസഭയിലെ ജവഹർ നഗർ -32, കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ, ഉരുളൻതണ്ണി, അട്ടിക്കളം -65, നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ -15, പല്ലാരിമംഗലം -മൂന്ന്, പോത്താനിക്കാട് -മൂന്ന് എന്നിങ്ങനെയാണ് വീടുകളിൽ വെള്ളം കയറിയത്. കോതമംഗലം ടൗൺ യു.പി സ്കൂൾ, മണികണ്ഠൻചാൽ സി.എസ്.ഐ പള്ളി ഹാൾ, തൃക്കാരിയൂർ ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ്. അടിവാട്-കുത്തുകുഴി റോഡിലെ കുടമുണ്ട പാലം, കോതമംഗലം-കോട്ടപ്പടി റോഡിലെ തൃക്കാരിയൂർ, പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്ത് എന്നിവിടങ്ങളിൽ വെള്ളംകയറി ഗതാഗതം മുടങ്ങി. ബ്ലാവനയിൽ കടത്ത് നിർത്തി. ദേശീയപാതയിൽ അരമനപ്പടിയിൽ വെള്ളം കയറിയെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. ധർമഗിരി ആശുപത്രിയുടെ താഴെ നിലയിലും തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലും പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലും വെള്ളംകയറി. നേര്യമംഗലത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്ന് മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. നേര്യമംഗലം ഗവ. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി. കുട്ടമ്പുഴ സത്രപ്പടിയിൽ റോഡിലേക്ക് ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. അയ്യായിരത്തോളം കുലച്ച ഏത്തവാഴ, നാല് ഏക്കറിലെ നെല്ല്, 10 ഏക്കറിലെ കപ്പ, ജാതി, റബർ, കമുക് തുടങ്ങിയവയും നശിച്ചിട്ടുണ്ട്.
ജവഹർ നഗറിൽ വെള്ളംകയറിയ പത്തോളം വീടുകളിൽനിന്ന് ആളുകളെ ഫൈബർ വള്ളം ഉപയോഗിച്ച് അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. പിണ്ടിമന പഞ്ചായത്ത് വാർഡ് ആറിൽ മുതിരാമലിൽ കൃഷ്ണനെയും ഭാര്യയെയും വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽനിന്ന് രക്ഷപ്പെടുത്തി. നെല്ലിക്കുഴി പഞ്ചായത്ത് വാർഡ് ഏഴ് തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പരിസരത്തുള്ള വെള്ളംകയറിയ ഭാഗത്തുള്ള ഇരുപതോളം വീടുകളിലുള്ളവർക്ക് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ക്യാമ്പിൽ ഡിങ്കി ഉപയോഗിച്ച് സേനാംഗങ്ങൾ ഉച്ചഭക്ഷണം എത്തിച്ചുനൽകി.