അങ്കമാലി: താലൂക്ക് ശുപത്രിയിൽ വ്യാഴാഴ്ച ആരംഭിച്ച സിനിമ ചിത്രീകരണം വിവാദമായതോടെ നിർത്തിവെച്ചു. ഷൂട്ടിങ് മൂലം ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യ വകുപ്പിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ചിത്രീകരണം നിർത്തിവെച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറിൽ ശ്രീജിത്ത് ബാബു സംവിധാനം നിർവഹിക്കുന്ന‘പൈങ്കിളി’ എന്ന മലയാള സിനിമക്കായി ആശുപത്രിയുടെ അത്യാഹിതവിഭാഗം ചിത്രീകരിക്കാൻ ബുധനാഴ്ച ആരോഗ്യവകുപ്പ് ഡയറക്ടർ കെ.വി. നന്ദകുമാർ നൽകിയ ഉത്തരവ് വിവാദമാവുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു കടവൂറിന്റെ അപേക്ഷയുടെയും ജില്ല മെഡിക്കൽ ഓഫിസറുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് രാത്രി ഏഴ് മുതൽ പുലർച്ചെ അഞ്ച് വരെയുള്ള സമയത്ത് ഒമ്പത് നിർദേശങ്ങളോടെ ആരോഗ്യ വകുപ്പ് ഡയറക്ടർ ചിത്രീകരണാനുമതി നൽകിയത്. ആശുപത്രിയിലെ റിസപ്ഷൻ ഹാളും അത്യാഹിത വിഭാഗം മുറിയുമാണ് ആവശ്യപ്പെട്ടിരുന്നത്. പ്രതിദിന ചിത്രീകരണത്തിന് 10000 രൂപ വീതമാണ് താലൂക്കാശുപത്രി മാനേജ്മൻറ് കമ്മിറ്റിയിൽ അടച്ചത്. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുത്, രോഗികളെയും ജീവനക്കാരെയും ചിത്രീകരിക്കരുത്, ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കും നാശമുണ്ടാക്കരുത്, ചിത്രീകരണത്തിനെത്തുന്ന വാഹനങ്ങൾ ആശുപത്രിയിൽ തടസ്സമുണ്ടാക്കാനോ പാർക്ക് ചെയ്യാനോ പാടില്ല. മാലിന്യം, ശബ്ദ മലിനീകരണം എന്നിവ ഒഴിവാക്കണം, ചിത്രീകരണം മൂലം നാശനഷ്ടങ്ങളുണ്ടായാൽ പിഴ ഈടാക്കും തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.
എന്നാൽ, മഴക്കെടുതിയും മഴക്കാല രോഗങ്ങളും മൂലം രാത്രിയിലും നിരവധി രോഗികൾ എത്തിയതോടെ സിനിമയുടെ ചിത്രീകരണം പലർക്കും ബുദ്ധിമുട്ടായി. അതേസമയം, സിനിമ ചിത്രീകരണത്തിന് വേണ്ടി ആശുപത്രിയിലെത്തിയ രോഗികൾക്ക് ചികിത്സ നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ. ജെ. ഇളന്തട്ട് പറഞ്ഞു. ആരോഗ്യ ഡയറക്ടറുടെ നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് ചിത്രീകരണം അനുവദിച്ചത്. ചിത്രീകരണം സംബന്ധിച്ച വിശദവിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടറെയും ജില്ല മെഡിക്കൽ ഓഫിസറെയും അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
താലൂക്ക് ആശുപത്രി നഗരസഭയുടെ അധികാര പരിധിയിലാണെങ്കിലും നഗരസഭയുടെ അറിവോടെയോ ശിപാർശയോടെയോ അല്ല സിനിമ ചിത്രീകരണം നടന്നതെന്ന് അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ് പറഞ്ഞു. പുതിയ കാഷ്വാലിറ്റി തുറന്നതോടെ ആശുപത്രിക്ക് മുന്നിൽ അനധികൃത വാഹന പാർക്കിങ് ഒഴിവാക്കാൻ ആറ് മാസം മുമ്പാണ് റിബൺ വലിച്ച് കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, സിനിമ ചിത്രീകരണത്തിന് വേണ്ടി റിബൺ വലിച്ച് കെട്ടി അത്യാഹിത വിഭാഗത്തിലേക്കെത്തുന്ന വാഹനങ്ങൾ തടഞ്ഞുവെന്ന ചിലരുടെ ബോധപൂർവമായ പ്രചാരണമാണ് വിവാദമുണ്ടാക്കിയതെന്നും ചെയർമാൻ കുറ്റപ്പെടുത്തി.