കൊച്ചി: എറണാകുളം മെഡിക്കൽ കോളജിലെ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന്റെയും ആശുപത്രിയോടു ചേർന്ന കൊച്ചിൻ കാൻസർ സെൻറർ (സി.സി.ആർ.സി) കെട്ടിടത്തിന്റെയും നിർമാണമാണ് അതിവേഗം പുരോഗമിക്കുന്നത്. ഏഴ് നിലകളിലായി എട്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഒരുങ്ങുന്നത്. പൂർണമായും ശീതീകരിച്ച കെട്ടിടത്തിന്റെ നിർമാണം 95 ശതമാനം പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ അന്തിമഘട്ട ജോലികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഏകദേശം 450 കോടി രൂപയാണ് ഏഴ് ലക്ഷം ചതുരശ്ര അടിയിലുള്ള സി.സി.ആർ.സിയുടെ നിർമാണത്തിനുള്ള ചെലവ്, തൊട്ടടുത്തു തന്നെയുള്ള സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന് 350 കോടി രൂപയും. എട്ട് ലക്ഷം ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തൃതി. ഇൻകെൽ ആണ് പദ്ധതികളുടെ നിർവഹണ ഏജൻസി (എസ്.പി.വി). സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന് അത്യാധുനിക ഉപകരണങ്ങളും ഫർണിച്ചറുകളുമുൾപ്പെടെ ലഭ്യമാക്കാൻ കിഫ്ബി 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട ഉപകരണങ്ങളുൾപ്പടെയുണ്ട്.
കെട്ടിടം മാത്രം പോരാ, നിയമനവും വേണം
അടുത്തുതന്നെ പൂർണ പ്രവർത്തന സജ്ജമാവുന്ന സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ജീവനക്കാരെ നിയമിക്കാതെ ഉദ്ഘാടനം ചെയ്യുമോയെന്ന ആശങ്കയിലാണ് രോഗികളും ആശുപത്രിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മൂവ്മെ ൻറ് പ്രവർത്തകരുമുള്ളത്. സൂപ്പർ സ്പെഷാലിറ്റി പ്രവർത്തനം തുടങ്ങുന്നതിനായി ഈ വിഭാഗത്തിൽ നിരവധി ഡോക്ടർമാരെയും നഴ്സുമാരെയും അനുബന്ധ ജീവനക്കാരെയുമെല്ലാം നിയമിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ മാസങ്ങൾക്കു മുമ്പ് 45 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇതിലേക്ക് നിയമനം നടത്താനായി പലപ്പോഴും നടപടി സ്വീകരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിൽ നാമമാത്ര തസ്തികയിൽ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.
നിലവിൽ പരിമിതമായ സൗകര്യങ്ങളും ജീവനക്കാരെയും വെച്ചാണ് കാൻസർ സെൻറർ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് പൂർണതോതിൽ മാറുന്നതോടെ കാൻസർ ചികിത്സ വിഭാഗത്തിലും കൂടുതൽ നിയമനങ്ങളും അത്യാധുനിക സംവിധാനങ്ങളും ഒരുക്കേണ്ടി വരും. കൂടാതെ, പുതിയതായി പ്രഖ്യാപിച്ച കോഴ്സുകൾ അടിയന്തിരമായി ആരംഭിക്കാനും നടപടി വേണ്ടതുണ്ട്.
ആ ബസും പോയല്ലോ..
കളമശ്ശേരി ടൗണിൽ നിന്ന്, അഞ്ചു കിലോമീറ്ററിലേറെ ദൂരമുണ്ട് മെഡിക്കൽ കോളജിലേക്ക്. ഈ റൂട്ടിൽ കൃത്യമായ ബസ് സർവിസ് കെ.എസ്.ആർ.ടി.സിയോ സ്വകാര്യ ബസുകളോ ഒന്നും നടത്തുന്നില്ല. നിത്യേന ആയിരക്കണക്കിന് സാധാരണക്കാരായ രോഗികളെത്തുന്ന ആശുപത്രിയിലേക്കുള്ള ഗതാഗത സംവിധാനം വിരലിലെണ്ണാവുന്ന കെ.എസ്.ആർ.ടി.സി ബസുകളാണ്.
നേരത്തെ കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷൻ, കളമശ്ശേരി മെഡിക്കൽ കോളജ്, കളമശ്ശേരി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധപ്പെടുത്തി സർവിസ് നടത്തിയിരുന്ന കൊച്ചി മെട്രോ ഫീഡർ ബസും നിലവിൽ സർവിസ് നടത്തുന്നില്ല. മെഡിക്കൽ കോളജ് കാമ്പസിലെത്തിയിരുന്ന ഈ ബസ് അങ്ങോട്ടുമിങ്ങോട്ടും നിറയെ യാത്രക്കാരുമായിട്ടാണ് സർവിസ് നടത്തിയിരുന്നത്.
എന്നാൽ, പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ സർവിസ് അവസാനിപ്പിച്ചതോടെ ദുരിതത്തിലായത് നിത്യേന ആശ്രയിച്ചിരുന്ന ജീവനക്കാരും സാധാരണക്കാരായ രോഗികളുമാണ്. കെ.എസ്.ആർ.ടി.സി സർവിസുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാനായ കലക്ടർ തുടങ്ങിയവർക്കെല്ലാം പലതവണ കൃഷ്ണയ്യർ മൂവ്മെൻറ് ഭാരവാഹികൾ നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ, മെഡിക്കൽ കോളജിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൽ അധികൃതർക്ക് ചിറ്റമ്മ നയമാണ്. നിലവിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇടുക്കി ജില്ലക്കാരും ആലപ്പുഴയുടെ അതിർത്തിപ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി പേർ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം ഇങ്ങോട്ട് എത്തിപ്പെടുന്നതാണ് ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനേക്കാൾ അധ്വാനം. നിലവിൽ ആലുവ-തൃപ്പൂണിത്തുറ റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ ഈ റൂട്ടിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രമുള്ള മെഡിക്കൽ കോളജിലേക്കു കൂടി സർവിസ് നടത്തിയാൽ നൂറുകണക്കിന് രോഗികൾക്ക് ഇത് പ്രയോജനപ്പെടും.