കൊച്ചി: ട്രോളിങ് നിരോധനത്തിൽ മത്സ്യവില കുത്തനെ കൂടിയതിനു പിന്നാലെ മാംസവിഭവങ്ങൾക്കും പച്ചക്കറിക്കും വൻ വിലക്കയറ്റം. തിങ്കളാഴ്ച നാടെങ്ങും ബലി പെരുന്നാൾ ആഘോഷിക്കാനിരിക്കേ എല്ലാ സാധനങ്ങൾക്കും തീപോലെ വില ഉയരുകയാണ്. മീനിന് വില കൂടിയതുകൊണ്ട് പച്ചക്കറി വാങ്ങാമെന്നു വിചാരിച്ചാലോ, പച്ചക്കറി മാർക്കറ്റും വിലക്കയറ്റത്തിൽ പൊള്ളുകയാണ്. ഇനി ഇതൊന്നും വേണ്ട, ഇത്തിരി ചിക്കനോ ബീഫോ മേടിക്കാമെന്നു കരുതി അങ്ങോട്ടുചെന്നാൽ അവിടെയുമുണ്ട് വൻവില. ചിക്കൻ, ബീഫ്, മട്ടൻ തുടങ്ങിയ എല്ലായിനങ്ങൾക്കും പച്ചക്കറിക്കും വില കഴിഞ്ഞ മാസത്തെക്കാൾ വർധിക്കുകയാണുണ്ടായത്.
ആഴ്ചകൾക്കു മുമ്പ് ചിക്കന് 130 രൂപയൊക്കെ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കിലോക്ക് 160 മുതൽ 170വരെ എത്തിനിൽക്കുന്നുണ്ട്. ചില പച്ചക്കറികൾക്കാവട്ടെ ഇരട്ടിയോളം വില കൂടി. ബീൻസ് പോലുള്ള വളരെ കുറച്ച് ഇനങ്ങൾക്ക് മാത്രമാണ് വിലക്കുറവ് ഉണ്ടായിട്ടുള്ളത്. അരി, പയർ, പരിപ്പ് പോലുള്ള പലചരക്കുസാധനങ്ങളുടെ കാര്യവും മോശമല്ല. അരിക്ക് കഴിഞ്ഞ മാസത്തെക്കാൾ ആറു രൂപയോളം വർധിച്ചു. പഞ്ചസാര, ഉഴുന്ന് തുടങ്ങിയ ഇനങ്ങൾക്കും വില വെച്ചടി കയറുകയാണ്. നിത്യവൃത്തിയിലൂടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സാധാരണക്കാരെയും പാവപ്പെട്ടവരെയും വലിയ പ്രയാസത്തിലേക്കാണ് നാൾക്കുനാളെന്ന പോലുള്ള വിലക്കയറ്റം തള്ളിവിടുന്നത്.
പച്ചക്കറിക്ക് തീവില
തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി, അച്ചിങ്ങ തുടങ്ങിയ ഇനങ്ങൾക്കെല്ലാം വില കൂടി. രണ്ടാഴ്ച മുമ്പ് 30 രൂപയുണ്ടായിരുന്ന സവാളക്ക് ഇപ്പോൾ 40 രൂപ നൽകണം. തക്കാളിയാണെങ്കിൽ 65, 70, 80 എന്നിങ്ങനെയൊക്കെയായി കഴിഞ്ഞ ദിവസങ്ങളിലെ വില. 40 രൂപയുണ്ടായിരുന്ന ക്യാരറ്റിന് 70 രൂപയായി. വെളുത്തുള്ളി വില 250നടുത്താണ്. പ്രതികൂല കാലാവസ്ഥയും മഴയും മൂലം അന്തർസംസ്ഥാനങ്ങളിൽനിന്ന് ലോഡ് കുറഞ്ഞതാണ് പച്ചക്കറിവില കൂടാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
മാംസത്തിനും കുതിക്കുന്നു
ആലപ്പുഴയിലുൾപ്പെടെ പക്ഷിപ്പനി ബാധ റിപ്പോർട്ട് ചെയ്തതൊന്നും ചിക്കൻ വിലയിൽ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല, മാത്രവുമല്ല വില കൂടിക്കൊണ്ടിരിക്കുകയുമാണ്. ചിക്കന് കഴിഞ്ഞ കുറേ ആഴ്ചകളായി 160 മുതൽ 170 രൂപയാണ് വില. പെരുന്നാൾ അടുക്കുകയും ആവശ്യക്കാർ കൂടുകയും ചെയ്തതോടെ വീണ്ടും വില കൂടി. ആറുമാസം മുമ്പ് ചിക്കന് 100ൽ താഴെയായിരുന്നു വില. വേനൽക്കാലത്ത് ഉൽപാദനം കുറഞ്ഞതോടെയാണ് വില കുതിക്കാൻ തുടങ്ങിയത്. എന്നാൽ, പിന്നീടൊരു കുറവ് ഉണ്ടായിട്ടുമില്ല. ചിക്കന് വില കൂടിയതോടെ സ്വാഭാവികമായി മറ്റു മാംസ ഉൽപന്നങ്ങൾക്കും കൂടുകയായിരുന്നു.