കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പ്രധാന ചുമതലകളില്‍ മൂന്ന് വനിതകള്‍ വരുന്നത് ഇതാദ്യം. വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. സുനിത ഗോപാലകൃഷ്ണന്, പ്രഫസര്‍ ഇന്‍ ചാര്‍ജ് ഓഫ് എക്സാമിനേഷന്‍സ് ഡോ. വി. ലിസി മാത്യു എന്നിവരാണ് സർവകലാശാല നിയന്ത്രിക്കുന്നത്.
വി.സി ആയിരുന്ന ഡോ. എം.വി. നാരായണന് കോടതി വിധിയെത്തുടര്‍ന്ന് പുറത്താവുകയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. കെ.കെ. ഗീതാകുമാരിക്ക് വൈസ് ചാന്‍സലറുടെ ചുമതല നൽകുകയും ചെയ്തിരുന്നു.
വി.സി സ്ഥാനം ഒഴിയുമ്പോള്‍ പ്രോ വൈസ് ചാന്‍സലറും സ്ഥാനം ഒഴിയണമെന്ന് ചട്ടം ഉള്ളതിനാല്‍ മുത്തുലക്ഷ്മി സ്ഥാനം ഒഴിയുകയും പി.വി.സിയുടെ മുഖ്യചുമതലയായ പരീക്ഷ നടത്തിപ്പ് ഡോ. വി. ലിസി മാത്യുവിന് സിന്‍ഡിക്കേറ്റിന്റെ അനുമതിയോടെ നൽകുകയുമായിരുന്നു.
രജിസ്ട്രാറായിരുന്ന ഡോ. എം.ബി. ഗോപാലകൃഷ്ണന്റെ കാലാവധി കഴിഞ്ഞതിനാല്‍ താൽക്കാലിക ചുമതല അധ്യാപികയായ ഡോ. സുനിത ഗോപാലകൃഷ്ണന് നൽകി.