കോതമംഗലം: കോട്ടപ്പടി മുട്ടത്ത് പാറയിൽ വെള്ളിയാഴ്ച പുലർച്ച രണ്ട് മണിയോടെ കിണറ്റിൽ വീണ ആനയെ കാണാനും ആനയെ കരക്ക് കയറ്റുന്നതറിയാനും എത്തിച്ചേർന്നത് ആയിരങ്ങൾ. വനമേഖലയിൽ നിന്ന് നാല് കിലോമീറ്ററോളം മാറി ജനവാസ മേഖലയിലെ കിണറ്റിലാണ് ആന വീണത്. കേട്ടറിഞ്ഞ സ്ത്രീകളും കുട്ടികളും അടക്കം ആനയെ കാണുന്നതിന് മുട്ടത്ത് പാറ സ്കൂളിന് സമീപത്തെ പൂലാഞ്ഞി കുഞ്ഞപ്പന്റെ പറമ്പിലെ കിണറിന് സമീപത്തേക്ക് എത്തുകയായിരുന്നു. നേരം പുലർന്നതോടെ വിവിധ ദിക്കുകളിൽ നിന്ന് ആനയെ കാണാൻ ആളുകൾ എത്തിതുടങ്ങി.
പുലർച്ച തന്നെ ആനയെ കയറ്റിവിടാൻ പറ്റുമോ എന്ന ശ്രമത്തിനായി മണ്ണുമാന്തിയന്ത്രം ആറ് മണിക്ക് തന്നെ കുഞ്ഞപ്പന്റെ വീടിന് സമീപത്ത് വനം വകുപ്പ് എത്തിച്ചിരുന്നു. വാഹനം എത്തിച്ചേരാൻ വഴിയില്ലാതെ വരികയും വന്യമൃഗശല്യം രൂക്ഷമായി അനുഭവിക്കുന്ന മുട്ടത്തു പാറ, വാവേലി തുടങ്ങി പ്രദേശങ്ങളിൽനിന്നുള്ളവർ എതിർപ്പുമായി രംഗത്ത് വരികയും ചെയ്തതോടെ ആദ്യ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ കിണർ ശുചികരിക്കുകയും നിരന്തര ശല്യക്കാരനായ ആനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടെ മണ്ണുമാന്തിയന്ത്രം അയൽവാസിയുടെ കൃഷിയിടത്തിലൂടെ കൊണ്ടുവരാൻ ശ്രമം നടത്തിയത് ഏറെ ബഹളത്തിനിടയാക്കി. തുടർന്ന് മലയാറ്റൂർ ഡി.എഫ്.ഒയും പെരുമ്പാവൂർ എ.സി.പി അടക്കമുള്ളവർ പഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി, മറ്റു ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. എം.എൽ.എമാരായ ആൻറണി ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവരും മൂവാറ്റുപുഴ ആർ.ഡി.ഒ ഷൈജു ജേക്കബ്, കോതമംഗലം തഹസിൽദാർ എ.എൻ.ഗോപകുമാർ എന്നിവരും സ്ഥലത്തെത്തി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെയും ജില്ല കലക്ടറെയും ബന്ധപ്പെട്ട് പ്രതിഷേധത്തിന്റെ ആഴം വ്യക്തമാക്കിയതോടെ കിണർ വറ്റിച്ച് മയക്കുവെടിവെച്ച് ആനയെ ക്രയിൻ ഉപയോഗിച്ച് വാഹനത്തിൽ കയറ്റി വനപ്രദേശത്ത് എത്തിക്കാൻ തീരുമാനിച്ചു.
കൂടാതെ കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിൽ 24 മണിക്കൂർ നേരത്തേയ്ക്ക് നിരോധാനാജ്ഞ പ്രഖ്യാപിക്കാനും തീരുമാനമായി. കുടിവെള്ളം എത്തിക്കുന്നതിന് പഞ്ചായത്തിനെയും കിണർ ശുചികരണത്തിന് പൊതുമരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തി. ഇതിനിടയിൽ പിൻ കാലുകൾ കൊണ്ട് കിണർ ഭിത്തി ഇടിച്ച് രക്ഷപെടാനുള്ള ശ്രമം ആനയും തുടരുന്നുണ്ടായിരുന്നു. ശരീരത്തിൽ വിവിധയിടങ്ങളിൽ തോൽ പൊളിയുകയും ചെയ്തു. നിരോധനാജ്ഞ പ്രഖ്യാപിച്ച് ജനങ്ങളെ മാറ്റിയ ശേഷം രണ്ട് മണിക്കൂർ പിന്നിടവെ മഴ കൂടി എത്തിയതോടെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കിണർ ഒരുവശം ഇടിച്ച് ആനയെ പുറത്ത് എത്തിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു. ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ നാട്ടുകാർ വീണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിച്ചു.