കൊച്ചി: മാസത്തോളം നീണ്ട റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ ചൈതന്യവുമായി മുസ്ലിം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വ്രതാനുഷ്ഠാനത്തിലൂടെ കൈവരിച്ച ആത്മവിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്താൻ നമസ്കാരത്തിന് നേതൃത്വം നൽകിയ ഇമാമുമാർ ഉദ്ബോധിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതുമുതൽ മുസ്ലിം ഭവനങ്ങളും പള്ളികളും തക്ബീർ ധ്വനികളാൽ മുഖരിതമായി. പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളിലെത്തിയവർ നമസ്കാരശേഷം പരസ്പരം ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും പെരുന്നാൾ ആശംസകൾ നേരുകയും സന്തോഷം പങ്കിടുകയും ചെയ്തു.
ഗ്രേറ്റർ കൊച്ചി ഈദ് ഗാഹ് കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് ബഷീർ മുഹ്യിദ്ദീൻ നേതൃത്വം നൽകി.
സംഘ് പരിവാർ ചെറുസംഘമാണെന്നും മഹാ ഭൂരിപക്ഷമുള്ള ഹൈന്ദവ സഹോദരങ്ങളെ ചേർത്തുപിടിക്കുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വലിയ ഭാഗം അഭയാർഥി ക്യാമ്പ് ആവുകയാണെന്നും അവരോടുള്ള ഐക്യദാർഢ്യം കൂടിയാണ് ത്യാഗ സ്മരണകൾ അയവിറക്കുന്ന ഇസ്ലാമിക ആഘോഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലൂർ ഈദ്ഗാഹ് കമ്മിറ്റി നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് സലാഹുദ്ദീൻ മദനി നേതൃത്വം നൽകി. എറണാകുളം കലൂർ എസ്.ആർ.എം റോഡ് ദാറുസ്സലാം ജുമാ മസ്ജിദിൽ ചീഫ് ഇമാം സലീം അസ്ഹരിയും എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ മുഹമ്മദ് അർഷദ് ബദരിയും കലൂർ ജുമാമസ്ജിദിൽ സലാഹുദ്ദീൻ ബുഖാരിയും പാടിവട്ടം ജുമാമസ്ജിദിൽ അനസ് മദനിയും പടമുകൾ ജുമാമസ്ജിദിൽ സഈദുദ്ദീൻ ഹുദവിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.