അത്താണി: പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണമാല കവർന്ന് രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി അത്താണി കൽപ്പക നഗർ കിഴക്കേടത്ത് വീട്ടിൽ ചന്ദ്രശേഖരന്റെ ഭാര്യ വത്സല കുമാരിയുടെ (65) മാലയാണ് പിന്നിൽ വന്ന അക്രമി കവർന്നെടുത്തത്.
വെള്ളിയാഴ്ച ഉച്ചക്ക് 2.45ഓടെ കൽപ്പനഗർ റോഡിലായിരുന്നു സംഭവം. പാടത്ത് കെട്ടിയിരുന്ന പശുവിന് വെള്ളം കൊടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷതമായ കവർച്ചക്ക് വത്സലകുമാരി ഇരയായത്. പിന്നിലൂടെ ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ അടുത്തെത്തി മതിലിനോട് ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
കൈകൾ കൊണ്ട് മാലയിൽ അമർത്തിപ്പിടിച്ച വത്സലകുമാരിയെ റോഡിൽ തള്ളിയിടുകയും ചെയ്തു. മാലക്കു വേണ്ടിയുള്ള പിടിവലിക്കിടെ സാരിയും കീറി. റോഡിൽ വീണ വത്സലകുമാരിയുടെ കാലിനും കൈക്കും മുഖത്തും പരിക്കേറ്റു. മാല വലിച്ചു പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അക്രമിയുടെ നഖങ്ങൾ കൊണ്ട് വത്സലകുമാരിയുടെ കഴുത്തിൽ മുറിവേറ്റ പാടുകളുമുണ്ട്.
ഒച്ച വച്ചപ്പോഴേക്കും മോഷ്ടാക്കൾ മാലയുമായി രക്ഷപ്പെട്ടു. 25നും 27നുമിടയിൽ പ്രായമുള്ള മോഷ്ടാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നതായും വത്സലകുമാരി പറഞ്ഞു. നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ വത്സലകുമാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.