ആലുവ: സ്വര്‍ണ ഇടപാടിലെ തര്‍ക്കമാണ് ആലുവയിലെ തട്ടിക്കൊണ്ടുപോകലിലേക്കെത്തിയതെന്ന് സൂചന. എന്നാൽ, മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി മൂന്നുദിവസമായിട്ടും ആരും പരാതിയുമായി വന്നിട്ടില്ല. ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയതായും സംശയമുണ്ട്. ഇതിനിടെ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. തിരുവനന്തപുരം വലിയതുറ സുലൈമാന്‍ തെരുവില്‍ നാഫിയ മന്‍സിലില്‍ മാഹിനെയാണ് (ചക്കച്ചി മാഹിന്‍ -35) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് വാടകവാഹനം എടുത്തുനല്‍കിയത് ഇയാളാണ്. എന്നാൽ, വാഹനം തട്ടിക്കൊണ്ടുപോകലിന് ഉപയോഗിക്കുന്ന കാര്യം അറിയില്ലായിരുന്നെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകമടക്കം 15ഓളം കേസുകളിലെ പ്രതിയാണ് മാഹിന്‍.
സ്വര്‍ണം തരാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം വഞ്ചിച്ചതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. തിരുവനന്തപുരത്ത് പൊലീസ് പിന്തുടർന്നതോടെ സംഘം ഇന്നോവ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അപ്പോൾപോലും തട്ടിക്കൊണ്ടുപോകപ്പെട്ടവർ പൊലീസിനടുത്തേക്ക് വന്നില്ല.
അതിനാൽ ഇരുകൂട്ടരും ഒരുമിച്ച് ഒളിവിൽ പോയതായിരിക്കാനാണ് സാധ്യത. കാര്‍ വാടകക്കെടുത്ത കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അന്‍വര്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ 7.10ന് ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് മൂന്ന് യുവാക്കളെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.