കാക്കനാട്: കൊച്ചി കോർപ്പറേഷന്റെ മാലിന്യ ലോറികളിൽ നിന്നൊഴുകിയ മലിന ജലത്തിൽ പൊറുതി മുട്ടി ഇൻഫോപാർക്ക് റോഡിലെ യാത്രക്കാർ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മലിന ജലത്തിൽ കയറിയ 10ഓളം ഇരുചക്രവാഹന യാത്രക്കാർ തെന്നിവീണിരുന്നു. വീഴ്ചയിൽ ഒരു യാത്രക്കാരൻ മുഖം അടിച്ച് വീണ് പല്ല് ഒടിയുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാലിന്യ ലോറിയിൽ നിന്നും റോഡിലേക്ക് മലിനജലം ഒഴുകുന്നത് നിത്യസംഭവമായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. ഇൻഫോ പാർക്ക് റോഡിൽ നിന്നും ബ്രഹ്മപുരം റോഡ് വരെ മലിന ജലം ഒഴുകിയ നിലയിലാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ പാലാരിവട്ടം, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കുന്നുംപുറം, കാക്കനാട് സിഗ്നൽ ജങ്ഷൻ, സീപോർട്ട് റോഡ്, കെ.ബി.പി.എസ്, കാക്കനാട് ജങ്ഷൻ, ഐ.എം.ജി ജങ്ഷൻ, കുഴിക്കാട്ടുമൂല, ഇടച്ചിറ, ബ്രഹ്മപുരം പാലം എന്നിവിടങ്ങളിലെ റോഡിലൂടെ ലോറികളിൽ നിന്നും മലിന ജലം ഒഴുകി നിരവധി യാത്രക്കാരാണ് അപകടങ്ങളിൽ പെട്ടത്.
മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി. രാജീവ്, കോർപ്പറേഷൻ മേയർ അനിൽകുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷറഫ് എന്നിവർ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് കലക്ടറുടെ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ നൽകിയ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.