മരട്: നെട്ടൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർ ലോറികൾ തടഞ്ഞ് പ്രതിഷേധം. മരട് നഗരസഭ 23ാം ഡിവിഷൻ കൗൺസിലർ എ.കെ. അഫ്സലിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോയേഷനും നാട്ടുകാരും ചേർന്നാണ് ലോറികൾ തടഞ്ഞ് പ്രതിഷേധിച്ചത്. രാവിലെ 9.30യോടെ ആരംഭിച്ച പ്രതിഷേധം ഉച്ചക്ക് ഒന്നോടെയാണ് അവസാനിച്ചത്. പ്രതിഷേധത്തെ തുടർന്ന് പനങ്ങാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. നഗരസഭയിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരും കൗൺസിലർമാരും റസിഡൻസ് അസോസിയേഷനുമുൾപ്പെടെ ചർച്ച നടത്താമെന്നതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
നെട്ടൂരിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായിട്ട് അഞ്ചു ദിവസം പിന്നിട്ടു. ഒന്ന്, 23, 24, 25, 26, 27, 28, 29, 30, 31, 32, 33 തുടങ്ങി നെട്ടൂരിലെ 12 ഡിവിഷനിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മിക്കപ്പോഴും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് 23ാം ഡിവിഷൻ. സമരം ചെയ്യുമ്പോൾ അധികൃതർ വെള്ളം നൽകും. രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും കുടിവെള്ളം കിട്ടാതാകും. 23ാം ഡിവിഷനിലെ നാട്ടുകാരും കൗൺസിലറും ഒന്നര വർഷത്തിനുള്ളിൽ 20 തവണ കുടിവെള്ളത്തിനായി സമരം ചെയ്തിതിട്ടുണ്ട്. സമരം ചെയ്തപ്പോഴെല്ലാം കുടിവെള്ളം കിട്ടിയതായി കൗൺസിലർ എ.കെ. അഫ്സൽ പറഞ്ഞു. മരട്, നെട്ടൂർ പ്രദേശങ്ങളിലേക്ക് കുണ്ടന്നൂരിൽ സ്ഥാപിച്ച ടാങ്കിൽ നിന്നുമാണ് വെള്ളം പമ്പ് ചെയ്യുന്നത്.
എന്നാൽ നെട്ടൂരിലേക്ക് വെള്ളം വരുന്ന ലൈൻ ഓഫ് ചെയ്ത് മരടിലേക്ക് മാത്രമായി വെള്ളം കൊടുക്കുന്നുവെന്നും ആരോപണമുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ വെള്ളം ശേഖരിക്കുന്നത് നെട്ടൂർ ഐ.എൻ.ടി.യു.സിയിലെ യാർഡിൽ നിന്നുമാണ്. എന്നാൽ ഇതിനു സമീപ പ്രദേശങ്ങളിൽ തന്നെയാണ് കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം വന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ അഞ്ച് ദിവസമായിട്ടും ക്ഷാമം.
മരട് നഗരസഭ ചെയർമാനെയും കാര്യങ്ങൾ വിളിച്ച് പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ലെന്നും പ്രദേശവാസി ജയ പറഞ്ഞു. വൻകിടക്കാർക്ക് കുടിവെള്ളം മറിച്ച് വിൽക്കുകയാണെന്നും ഇതിനായി വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും കുടിവെള്ളം തരാൻ അധികൃതർ തയാറാവണമെന്നും ജയ പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഭൂരിഭാഗം കൗൺസിലർമാരും ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വ്യക്തയില്ലാത്ത മറുപടിയാണ് ലഭിച്ചത്.