മൂവാറ്റുപുഴ: വേനൽ കനത്തതോടെ പൈനാപ്പിൾ ഉൽപാദനത്തിൽ വൻ ഇടിവ്. ആദ്യമായാണ് കടുത്ത ചൂടിൽ ഉൽപാദനം പകുതിയായി കുറഞ്ഞിരിക്കുന്നത്. ശക്തമായ വെയിലിൽ പൈനാപ്പിൾ കൃഷിയുടെ ഉണക്ക് നേരിടാൻ തോട്ടങ്ങളിൽ മുന്നൊരുക്കം ചെയ്തെങ്കിലും പ്രയോജനം ലഭിച്ചിട്ടില്ല. ജനുവരി മുതൽ മഴ ലഭിക്കാത്തതും ചൂട് 38 ഡിഗ്രി സെൽഷ്യസിൽ എത്തിയതുമാണ് ഉൽപാദനം പകുതിയാകാൻ കാരണം. വേനൽ ചൂട് കൂടിയതോടെ പൈനാപ്പിൾ ഉൽപാദനത്തിൽ ദിവസേന 1000 ടണ്ണിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
നല്ല കാലാവസ്ഥയിൽ തോട്ടത്തിൽ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കാറുണ്ട്. എന്നാൽ ഉണക്കു ബാധിച്ചതോടെ 50 ശതമാനം പോലും ലഭിക്കുന്നില്ല. പൈനാപ്പിൾ ചെടികൾ ഉണങ്ങി മഞ്ഞ നിറത്തിലാകുകയും പൈനാപ്പിൾ വലുതാകാതെ നശിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ ചൂടിന്റെ ശക്തി മൂലം പൈനാപ്പിൾ പഴുത്ത് ഉണങ്ങുകയാണ്. ചെടികളും വാടി നശിച്ചു. റമദാൻ വിപണി ലക്ഷ്യമാക്കി ഇറക്കിയ കൃഷിയെയും ഇതു ബാധിച്ചു കഴിഞ്ഞു. പൈനാപ്പിളിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സമയമാണ് റമദാൻ മാസം.
ഇനിയും ചൂടു വർധിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ റമദാനിൽ ആവശ്യത്തിന് പൈനാപ്പിൾ ലഭ്യമാക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകരും വ്യാപാരികളും. റമദാൻ വിപണി ലക്ഷ്യമാക്കി നൂറുകണക്കിന് ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ഇതിലേറെയും ഉണങ്ങി. പല തോട്ടങ്ങളിലും സ്ഥിരമായി ചെടി നനക്കാൻ വെള്ളത്തിന്റെ സൗകര്യമില്ല. ഇതും പ്രശ്നമായി. 30 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ പ്രശ്നങ്ങളില്ലായിരുന്നു. ഇതിലധികമായതാണ് ഉൽപാദനത്തെ ബാധിക്കാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. ചൂട് കൂടിയതോടെ തോട്ടങ്ങളിൽ പണിക്കെത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പണി ഉപേക്ഷിച്ചു പോകുന്നതും വിനയായി.