തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചൂരക്കാട് വടക്കേ ചേരുവാരം നായർ കരയോഗം വക സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തിലെ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെയും സ്ക്വാഡ് ടീമിലെ അംഗങ്ങൾ ഉൾപ്പെടെ പതിനൊന്നംഗ ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കേ, അതിന് മുമ്പ് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വെടിമരുന്ന് സ്ഫോടനത്തിലെ പടക്കനിർമാണ തൊഴിലാളികളായ ആനന്ദൻ, വിനോദ്, വിനീത്, വടക്കേ ചേരുവാരം കമ്മിറ്റിക്കാരായ സതീശൻ, ശശികുമാർ ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാൻഡിലാണ്. ജില്ല ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ കഴിഞ്ഞ വെടിക്കെട്ട് നടത്തിയതിന് ഒളിവിൽ പോയ തെക്കുപുറം കരയോഗം ഭാരവാഹികളെ പൊലീസ് മൂന്നാർ ചിന്നക്കനാലിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ആറ് പേരും റിമാൻഡിലാണ്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. റിമാൻഡിലായ പ്രതികളുടെ എണ്ണം പതിനൊന്നായി.