പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോതമംഗലം കുത്തുകുഴി വലിയപാറ വടക്കേക്കര വീട്ടില്‍ കുഞ്ഞുമോന്റെ മകന് അജേഷ്കുമാര് (31), കുത്തുകുഴി മേലേത്തുവീട്ടില്‍ ദേവസ്യയുടെ മകന് ദീപു എം. ദേവസ്യ (32) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഓടക്കാലി ജങ്ഷനും കളമ്പാടന്തൊണ്ടിനും ഇടക്കായിരുന്നു അപകടം. സുഹൃത്തുക്കളായ ഇരുവരും ആക്ടിവ സ്കൂട്ടറില്‍ കോതമംഗലത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് കുമളിക്കുപോയ ബസ് ഇടിക്കുകയായിരുന്നു. ബസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. അജേഷ് സംഭവസ്ഥലത്തും ദീപു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും അവിവാഹിതരുമാണ്.
അജേഷ്കുമാറിന്റെ മാതാവ്: അമ്മിണി. സഹോദരന്: അനീഷ്കുമാര്‍. ദീപുവിന്റെ മാതാവ്: റീന. സഹോദരി: അല്‍ഫോന്‍സ. പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തും.