മൂവാറ്റുപുഴ: ബാങ്ക് മാനേജരുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം തട്ടിയ സംഭവത്തിൽ വഴിത്തിരിവ്. പരാതി ബാങ്ക് മാനേജർ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
സ്വർണം പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ മാനേജർ വെള്ളൂർക്കുന്നം സ്വദേശി രാഹുല്‍ മറ്റൊരു ബാങ്കില്‍ നിന്ന് ഏറ്റെടുത്ത 26 ലക്ഷത്തിന്റെ സ്വര്‍ണവുമായി തന്റെ സ്ഥാപനത്തിലേക്ക് തൃക്കഅമ്പലം റോഡിലൂടെ ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെ എതിർ ദിശയിൽ നിന്ന് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മുഖത്ത് മുളകുപൊടിയെറിഞ്ഞ് തട്ടിയെടുത്തെന്നായിരുന്നു പരാതി.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കള്ളക്കഥ പൊലിസ് പൊളിച്ചത്. സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച സ്വർണം കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെ തൃക്കഅമ്പലത്തിന് സമീപമാണ് സംഭവം നടന്നതെന്നായിരുന്നു മൊഴി.
നഗരമധ്യത്തില്‍ നടന്ന മോഷണത്തില്‍ ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നതാണ് പൊലീസ് രാഹുലിനെ സംശയിക്കാൻ കാരണം. വിവരം അറിഞ്ഞ ഉടൻ ഇൻസ്പെക്ടർ ടി.സി. മുരുകന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പരിസരത്തുള്ള ആളുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്നാണ് കവർച്ച സ്വന്തം കടബാധ്യത തീർക്കുക എന്ന ലക്ഷ്യത്തോടെ ഇയാൾ മെനഞ്ഞെടുത്തതാണെന്ന് തെളിഞ്ഞത്.
രാഹുൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഓഡിറ്റിങിൽ 530 ഗ്രാം സ്വർണം കുറവ് വന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യം. ആർക്കും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.
എ.എസ്.പി അഞ്ജലി ഭാവന, ഡിവൈ.എസ്.പി എ.ജെ. തോമസ്, ഇൻസ്പെക്ടർ ടി.സി. മുരുകൻ, എസ്.ഐമാരായ ബൈജു പി. ബാബു, ദിലീപ് കുമാർ, ശാന്തി കെ. ബാബു, എ.എസ്.ഐമാരായ പി.സി. ജയകുമാർ, ടി.എ. മുഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.