പെരുമ്പാവൂര്‍: പാണിയേലി- കുറുപ്പംപടി റോഡില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊച്ചുപുരയ്ക്കല്‍ കടവ് ഈശ്വരന്‍കുടി വീട്ടില്‍ ജോര്‍ജ് മത്തായിക്കാണ് (സലി- 52) പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കുത്തുങ്കല്‍ പളളിക്ക് മുമ്പുളള ഭാഗത്ത് റോഡിന് കുറുകെ ഓടിയ പന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ജോര്‍ജിന്റെ കൈകാലുകള്‍ പൊട്ടി. ബൈക്കിനും കേടുപറ്റി.
കുറുപ്പംപടിയില്‍ ആശുപത്രിപ്പടിയില്‍ മാംസ വ്യാപാരിയാണ് ജോര്‍ജ്. ദിവസവും പതിവായി പുലർച്ചെ ടൗണിലേക്ക് ബൈക്കിലാണ് പോകുന്നത്.വന്യമൃഗ ശല്യമുളളതിനാല്‍ മുമ്പത്തേതിനേക്കാള്‍ വൈകിയാണ് കുറച്ചുകാലമായി കടയിലേക്ക് പോകുന്നതെന്ന് ജോര്‍ജ് പറഞ്ഞു.