കൊച്ചി: മാലിന്യ ശേഖരത്തിന് യൂസര്‍ഫീ പിരിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയ ജീവനക്കാരനെ കോർപറേഷൻ സംരക്ഷിക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വിജിലൻസ് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർ സി.എ. പ്രസന്നനെ പ്രധാനപ്പെട്ട തസ്തികയിൽ നിയമിച്ചത് അഴിമതിക്കാരൻ ഇടതുപക്ഷ സംഘടനയിലുള്ള ആളായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആരോപിച്ചു.
ഇയാളെ കൊച്ചി കോർപ്പറേഷന് പുറത്തുള്ള തദ്ദേശ സ്ഥാപനത്തിൽ നിയമിക്കണമെന്ന സെക്രട്ടറിയുടെ നിർദേശവും അംഗീകരിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകൾ ആര് ചെയ്താലും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ എം. അനിൽകുമാർ. കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു മേയർ.
17-ാം സർക്കിളിൽ പുതിയ എച്ച്.ഐ നേരത്തെ ശേഖരിച്ചതിനെക്കാൾ കൂടുതൽ യൂസർ ഫീ വാങ്ങുന്നു എന്ന് പറയുന്നത് ശരിയായ വസ്തുതയല്ല.
സെക്രട്ടറി ഇക്കാര്യം വിശദമായി പരിശോധിക്കണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി വേണമെന്നും മേയർ പറഞ്ഞു. ലോറി ടെൻഡറുമായി ബന്ധപ്പെട്ട കാര്യത്തിൽ എത്രയും വേഗം നടപടി യോഗത്തിൽ തീരുമാനമായി.
ഏതൊക്കെ സ്ഥാപനങ്ങൾ യൂസർ ഫീ നൽകുന്നുണ്ടെന്ന് കണ്ടെത്തണം. തൂക്കത്തിന് അനുസരിച്ചുള്ള തുകയാണ് വാങ്ങേണ്ടത്. എച്ച്.ഐമാർ യൂണിഫോം ധരിച്ച് വേണം ജോലി ചെയ്യാനെന്നും മേയർ പറഞ്ഞു.