കൊച്ചി: കോർപറേഷന്റെ ചരിത്രത്തിലാദ്യമായി സെക്രട്ടറി അവതരിപ്പിച്ച 2024-25 ബജറ്റിന് വോട്ടെടുപ്പിലൂടെ അംഗീകാരമായി. 74 അംഗങ്ങളുള്ള കൗൺസിലിൽ 39 പേർ ബജറ്റ് അംഗീകരിച്ചെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ച് മുദ്രാവാക്യങ്ങളുമായി സഭ വിട്ടിറങ്ങി.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഉയർന്ന ചോദ്യങ്ങൾക്ക് സെക്രട്ടറി വി. ചെൽസാസിനി മറുപടി നൽകി. ബി.ജെ.പി അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു വോട്ടെടുപ്പ്. എന്നാൽ ബി.ജെ.പി വോട്ടിങ് ആവശ്യപ്പെട്ടത് നിർഭാഗ്യകരമാണെന്നും തനിക്ക് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നും മേയർ പറഞ്ഞു. മുനിസിപ്പൽ ആക്ട് സെക്ഷൻ 290 പ്രകാരം ചൊവ്വാഴ്ചയാണ് സെക്രട്ടറി കൊച്ചി കോർപറേഷന്റെ ബജറ്റ് അവതരിപ്പിച്ചത്.
വ്യാഴാഴ്ച ബജറ്റ് ചർച്ചയും നടന്നിരുന്നു. 39 പേർ ബജറ്റ് അംഗീകരിച്ചു എന്നത് ആത്മവിശ്വാസം നൽകുന്നതാണ്. ഇത് ഭാവി വികസനത്തിന് സഹായകമാകും. ബജറ്റ് അനുസരിച്ച് തന്നെ പ്രവർത്തനങ്ങൾ നടത്തും.
കുറ്റമറ്റ രീതിയിൽ പ്രവർത്തനം നടത്താനും ആവശ്യമായ മേൽനോട്ടം നടത്താനും സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ ബജറ്റ് പ്രസംഗം നടത്തുന്നതിനിടെ അവർക്ക് പരിക്ക് പറ്റിയിരുന്നെങ്കിൽ സംഭവം വഷളാകുമായിരുന്നു. 290 പ്രകാരം സെക്രട്ടറി അവതരിപ്പിക്കുമ്പോൾ ഡെപ്യൂട്ടി മേയർ ബജറ്റ് പ്രസംഗം നടത്താൻ പാടില്ലെന്ന് നിയമങ്ങളിൽ പറഞ്ഞിട്ടില്ല. അത് പാർട്ടി നയമാണെന്നും മേയർ പറഞ്ഞു. എന്നാൽ ഭരണഘടനാപരമായ നിയമങ്ങൾ അനുസരിക്കാത്ത ഡെപ്യൂട്ടി മേയർക്ക് ഡയസിൽ കയറാമെങ്കിൽ ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ തങ്ങൾക്കും ഡയസിൽ നിൽക്കാമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു. പ്രതിഷേധങ്ങൾക്കൊന്നും താൻ എതിരല്ലെന്നും സഭയെ അക്രമാവസ്ഥയിലേക്ക് എത്തിക്കരുതെന്നും മേയർ വ്യക്തമാക്കി.
അതേസമയം, സെക്ഷൻ 290 പ്രകാരമുള്ള ബജറ്റ് അംഗീകരിക്കുന്നത് ഫിനാൻസ് കമ്മിറ്റിയുടെ പരാജയമാണെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധം തുടർന്നു. കൗൺസിൽ ഹാളിന് മുന്നിൽ രാവിലെ ആരംഭിച്ച പ്രതിഷേധം മേയർ സഭയിൽ എത്തിയപ്പോഴും തുടർന്നു. നഗരത്തിലും എൽ.ഡി.എഫിലും ഭരണ പ്രതിസന്ധിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കൗൺസിൽ ചേർന്ന് വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പായി പ്രതിപക്ഷം ഇറങ്ങി പോവുകയും ചെയ്തു.
കെ- സ്മാർട്ട്: രജിസ്റ്റർ ചെയ്യാനുള്ളത് 30,000 കെട്ടിടങ്ങൾ
കെ- സ്മാർട്ടിലേക്കുള്ള കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ പൂർണമാവാത്തതിനാൽ ഇവരിൽ നിന്ന് കെട്ടിടനികുതി ഈടാക്കാൻ പറ്റാത്ത സാഹചര്യമുണ്ടെന്ന് മേയർ വ്യക്തമാക്കി. 10 ശതമാനം മാത്രമേ ഇനി പൂർത്തിയാകാനുള്ളു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ 20 ശതമാനത്തിൽ കൂടുതൽ രജിസ്ട്രേഷൻ പൂർത്തിയാകാനുണ്ട്. ഇത് ഏകദേശം 30,000 കെട്ടിടങ്ങൾ വരും. എന്നാൽ യു.ഡി.എഫ് പറയുന്നത് ഇത് 60,000 ഓളം ഉണ്ടെന്നാണ്. ഈ കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ എത്രയും വേഗം പൂർത്തിയാക്കും. ഇതിന് ഈ കെട്ടിട ഉമടകൾ കോർപറേഷനിൽ നേരിട്ടെത്തി നികുതി അടക്കണം. ഇതിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനും അടുത്ത തവണ ഇവർക്ക് ഓൺലൈനിൽ നികുതി അടയ്ക്കാനും സഹായകമാകും. പല സ്ഥാപനങ്ങളും തൊഴിൽ നികുതി കോർപറേഷനിൽ അടയ്ക്കാത്ത സാഹചര്യമുണ്ട്. ഇത് ഈടാക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പാക്കും.