പെരുമ്പാവൂർ: ഒക്കലിൽ വീട്ടിൽ കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ അഞ്ചുപേർ പിടിയിൽ. കാലടി മറ്റൂർ കല്ലുങ്ങൽ വീട്ടിൽ അലക്സ് (24), മറ്റൂർ ഐശ്വര്യ നഗറിൽ കൈതാരത്ത് അമോസ് ബാബു (27), ആൻറോപുരം സ്വദേശികളായ പടയത്ത്കുടി അമൽ (27), പാലൈക്കപ്പാടം ബിബിൻ (30), പാറമാലിൽ രാഹുൽ (28) എന്നിവരെ ‘ഓപറേഷൻ സ്റ്റീൽ ബേർഡി’ന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
ഒക്കൽ സ്വദേശിയുടെ കല്യാണ റിസപ്ഷന് വന്ന യുവാവിനെ തിരക്കിയാണ് അക്രമിസംഘം എത്തിയത്. തുടർന്ന് ആയുധം ഉപയോഗിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഘം ഒളിവിൽ പോയതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. അലക്സ് പൊലീസ് കാലടി സ്റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതിയാണ്. അമോസിനെതിരെ കാലടി, നെടുമ്പാശേരി സ്റ്റേഷനുകളിലായി നാല് കേസുണ്ട്.
അമലിനും ബിപിനുമെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ ഓരോ കേസുമുണ്ട്. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള സംഘം ഇതുവരെ 30ഓളം ക്രിമിനുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ആദർശ്, സുഭാഷ് തങ്കപ്പൻ, സീനിയർ സി.പി.ഒമാരായ സിജോ പോൾ, ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Leave a Reply