
മൂവാറ്റുപുഴ: നഗര റോഡ് വികസന ഭാഗമായി പൈപ്പ് ഇടുന്ന ജോലി ഇനിയും തീർന്നില്ല. നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാലുദിവസം പിന്നിട്ടു. ഇതോടെ നഗരത്തിലെ ഹോട്ടലുകളടക്കം അടച്ചു. നഗര റോഡ് വികസനഭാഗമായി ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതുമൂലമാണ് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെട്ടത്.
രണ്ടു ദിവസം കൊണ്ട് പണികൾ തീർത്ത് ശുദ്ധജല വിതരണം പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നാലാം ദിവസവും ജലവിതരണം പുനഃരാരംഭിക്കാനായിട്ടില്ല.
തുടർച്ചയായി കുടിവെള്ളം മുട്ടിയതോടെ നഗരത്തിലെ ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചു.വള്ളക്കാലി പടിയിൽ പൈപ്പ് മാറ്റിയിടുന്ന ജോലികൾ ആരംഭിച്ചതോടെയാണ് ജലവിതരണം നിലച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ ശുദ്ധജലമാണ് നഗരത്തിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. ശുദ്ധജലം എത്തിക്കാൻ ബദൽ മാർഗങ്ങൾ ഏർപ്പെടുത്തണമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ ആവശ്യപ്പെട്ടു.
‘നഗര റോഡ് വികസനം വേഗത്തിലാക്കണം’
മൂവാറ്റുപുഴ : വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാൻ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. നഗര റോഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പണി പൂർത്തിയാക്കി തുറന്നുനൽകണം. മണ്ഡലം പ്രസിഡന്റ് വി.കെ. നജീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.യു. അൻവർ, അബ്ദുൽ സലാം, എം.എ. യൂനസ്, കെ.എസ്. ഷാജി, സുമയ്യ ഫസൽ, ഇഖ്ബാൽ പ്ലാമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
+ There are no comments
Add yours