
മൂവാറ്റുപുഴ: ഡയാലിസിസ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായി. നൂറുകണക്കിന് ആളുകൾ ചികിത്സ തേടി എത്തുന്ന ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന ആതുരാലയമായ ആശുപത്രിയിൽ നിരവധി രോഗികളാണ് ഡയാലിസിസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്.
ഏറെ മുറവിളികൾക്ക് ഒടുവിൽ ആറുവർഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ച് അഞ്ചു മെഷിൻ സ്ഥാപിച്ചാണ് ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി 17 പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമേ ഇവിടെ നിലവിലുള്ളു. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 42 പേർ അപേക്ഷ നൽകി ചികിൽസക്കായി കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 34 ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റുകളുടെ വിപുലീകരണത്തിന് എട്ട് കോടി രൂപ അനുവദിച്ചെങ്കിലും ജില്ലയിലെ കിഴക്കൻ മേഖലയിൽപ്പെട്ട ജനറൽ ആശുപത്രി പരിഗണിച്ചില്ല. ജില്ലയിൽ അങ്കമാലി, തൃപ്പൂണിത്തുറ, താലൂക്ക് ആശുപത്രികളിലും ആലുവ ജില്ല ആശുപത്രിയിലും ഡയാലിസിസ് യൂനിറ്റുകൾക്ക് ഫണ്ട് അനുവദിച്ചപ്പോൾ ജില്ലയുടെ കിഴക്കൻ മേഖലയിലെ സുപ്രധാന ആശുപത്രിയായ ജനറൽ ആശുപത്രി അവഗണിക്കപ്പെട്ടു.
ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ എൽദോ എബ്രഹാം ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി. നിരവധി പേരാണ് ഡയാലിസിസിന് അപേക്ഷ നൽകി കാത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ യൂനിറ്റ് വിപുലീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനറൽ ആശുപത്രിയിൽ ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തെ പദ്ധതികൾ മാത്രമാണ് നടപ്പായതെന്നും 2021ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പൊടി പിടിച്ചതല്ലാതെ അടിസ്ഥാന സൗകര്യമോ ആധുനിക ചികിത്സാ സൗകര്യമോ ഒരുക്കാൻ നഗരസഭാധികൃതരോ എം.എൽ.എയോ പരിശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാറിന്റെ നാലു ബജറ്റുകളിലും ആശുപത്രി വികസനം പരാമർശിക്കപ്പെട്ടില്ല. ദൈനം ദിനം ആയിരക്കണക്കിന് സാധാരണ ജനങ്ങൾ ചികിത്സക്കായി ആശ്രയിക്കുന്ന ആശുപത്രി നാഥനില്ലാത്ത അവസ്ഥയിലാണെന്നും എൽദോ എബ്രഹാം കുറ്റപ്പെടുത്തി.
+ There are no comments
Add yours